This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെല്‍മാന്‍, മറേ (1929 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെല്‍മാന്‍, മറേ (1929 - )

Gell-Mann, Murray

മറേ ഗെല്‍മാന്‍

അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. മൗലിക കണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, അവയുടെ വര്‍ഗീകരണം എന്നിവയ്ക്കായി 1969-ല്‍ നോബല്‍സമ്മാനിതനായി. 1929 സെപ്. 15-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. യേല്‍ (Yale) സര്‍വകലാശാലയില്‍ നിന്ന് 1948-ല്‍ ബിരുദവും മാസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് 1951-ല്‍ ഡോക്ടറേറ്റും നേടി. രണ്ടു വര്‍ഷം ഷിക്കാഗോ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ സ്റ്റഡീസില്‍ സേവനമനുഷ്ഠിച്ചശേഷം 1955-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ പ്രൊഫസറായി.

മൗലിക കണങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനങ്ങളാണ് ഗെല്‍മാന്റെ മുഖ്യ സംഭാവന. K-മെസോണ്‍, ഹൈപ്പറോണ്‍ മുതലായ മൗലിക കണങ്ങളുടെ പ്രവര്‍ത്തന വ്യാഖ്യാനത്തിനായി സ്റ്റ്രെയ്ഞ്ച്നെസ്സ് (strangeness) എന്ന ആശയം ഇദ്ദേഹം അവതരിപ്പിച്ചു. പിന്നീട് സ്റ്റ്രെയ്ഞ്ച്നെസ്സിനെ സംബന്ധിക്കുന്ന സംരക്ഷണ നിയമം (Law off Conservation of Strange-ness) ആവിഷ്കരിച്ചു. ശക്തിമത്തും വിദ്യുത്കാന്തികവുമായ അന്യോന്യ ക്രിയകളില്‍ സംരക്ഷിക്കപ്പെട്ടുവരുന്ന സ്റ്റ്രെയ്ഞ്ച്നെസ്സ് എന്ന ക്വാണ്ടം ഗുണധര്‍മം അടിസ്ഥാനമാക്കി മൗലികകണങ്ങളുടെ ഒരു വര്‍ഗീകരണ ചാര്‍ട്ടിന് ഗെല്‍മാന്‍ രൂപം നല്കി. ഈ വര്‍ഗീകരണ പദ്ധതിയെ 'അഷ്ടമാര്‍ഗം' (Eightfold Way) എന്ന് ഇദ്ദേഹം നാമകരണം ചെയ്തിരിക്കുന്നു. ആവര്‍ത്തന പട്ടികയ്ക്കു സമാനമായുള്ള ഈ ചാര്‍ട്ടില്‍നിന്ന് അന്നേവരെ കണ്ടുപിടിക്കാതിരുന്ന 'ഒമേഗാ മൈനസ്' എന്ന കണത്തെ പ്രവചിക്കാന്‍ ഗെല്‍മാനു കഴിഞ്ഞു. പിന്നീട് ഇദ്ദേഹം ക്വാര്‍ക്ക് എന്ന പരികല്പിതകണത്തെക്കുറിച്ചുള്ള ആശയം മുന്നോട്ടുവച്ചു.

വൈ. നീമാന്‍, കെ. വില്‍സണ്‍ എന്നിവരോടൊത്ത് ഗെല്‍മാന്‍ എഴുതിയ ഗ്രന്ഥങ്ങളാണ് യഥാക്രമം ദി എയ്റ്റ്ഫോള്‍ഡ്വേ (1964), ബ്രോക്കണ്‍ സ്കെയില്‍ വേരിയന്‍സ് ആന്‍ഡ് ദ് ലൈറ്റ് കോണ്‍ (1971) എന്നിവ. 1981 മുതല്‍ ഇദ്ദേഹം കാലിഫോര്‍ണിയയിലെ ഫിസിക്കല്‍ ലബോറട്ടറിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍