This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൊമാറസ്, ഫ്രാന്‍സിസ്കസ് (1563 - 1614)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൊമാറസ്, ഫ്രാന്‍സിസ്കസ് (1563 - 1614)

Gomarus, Franciscus

ഡച്ച് കാല്‍വിനിസ്റ്റ് ദൈവശാസ്ത്ര പണ്ഡിതന്‍. നെതര്‍ലന്‍ഡിലെ ഫ്ളാന്‍ഡേഴ്സി(Flanders)ലുള്ള ബ്രൂഗെസ് (Bruges) എന്ന സ്ഥലത്ത് 1563 ജനു. 30-ന് ഇദ്ദേഹം ജനിച്ചു. മാനുഷികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വിഷയങ്ങള്‍ ഐച്ഛികമായെടുത്തു സ്ട്രാസ്ബര്‍ഗി(Strasbourg)ല്‍ വിദ്യാഭ്യാസം നടത്തി. അതിനുശേഷം ദൈവശാസ്ത്ര സംബന്ധമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് നൈസ്റ്റാറ്റ് (Nystadt), ഓക്സ്ഫഡ്, കേംബ്രിജ്, ഹൈഡെല്‍ബര്‍ഗ് (Heidel berg) എന്നിവിടങ്ങളില്‍ പഠിച്ചു. 1594-ല്‍ ഹൈഡെല്‍ബര്‍ഗില്‍നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. 1587 മുതല്‍ 93 വരെ ഫ്രാങ്ക്ഫര്‍ട്ടിലെ ഡച്ച് റിഫോമ്ഡ് ചര്‍ച്ചില്‍ സേവനം അനുഷ്ഠിച്ചു. 1594-ല്‍ ലൈഡെനി(Leiden)ല്‍ വൈദ്യശാസ്ത്ര പ്രൊഫസറായി നിയമിതനായി. കാല്‍വിനിസത്തെ സംബന്ധിച്ച് അര്‍മീനിയന്‍ തര്‍ക്കത്തെത്തുടര്‍ന്ന് 1611-ല്‍ തത്സ്ഥാനം രാജിവച്ചു. 1614 മുതല്‍ 18 വരെ ഫ്രാന്‍സിലെ സൗമുരി(Saumur)ലും 1618 മുതല്‍ മരണം (1641 ജനു. 11) വരെ ഗ്രോണിങ്ഗെനി(Groningen)ലും ദൈവശാസ്ത്ര അധ്യാപകനായിരുന്നു.

കാല്‍വിന്റെ നിര്യാണത്തെ(1564)ത്തുടര്‍ന്ന് കാല്‍വിനിസ്റ്റ് ദൈവശാസ്ത്ര സിദ്ധാന്തത്തിന് രണ്ടു ചിന്താധാരകള്‍ ഉണ്ടായി. ഇതില്‍ ഒന്ന് കാല്‍വിന്റെയും ആദ്യകാല മത പരിഷ്കര്‍ത്താക്കളുടെയും മാനുഷിക മൂല്യങ്ങളോട് അടുപ്പം പുലര്‍ത്തുന്നതായിരുന്നു. രണ്ടാമത്തെ ചിന്താധാരയനുസരിച്ച് ദൈവവിധി കാല്‍വിനിസത്തിന്റെ കേന്ദ്രസിദ്ധാന്തമായിത്തീര്‍ന്നു. കാല്‍വിനിസ്റ്റ് സിദ്ധാന്തത്തിലുണ്ടായ ഈ വ്യതിയാനത്തെ ജാക്കോബസ് അര്‍മീനിയൂസ് എതിര്‍ത്തുവെന്നു മാത്രമല്ല, ഉദാരമായ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു; പ്രത്യേകിച്ചു ദൈവവിധിയുടെ കാര്യത്തില്‍. അര്‍മീനിയൂസിന്റെ ഈ പുതിയ വ്യാഖ്യാനങ്ങളെ ഗൊമാറസ് നിശിതമായി വിമര്‍ശിക്കുകയും അത് അര്‍മീനിയിസത്തിന്റെ തിരസ്കരണത്തില്‍ അവസാനിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍