This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോകുല്‍ ചന്ദ്രനാഗ് (1895 - 1925)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോകുല്‍ ചന്ദ്രനാഗ് (1895 - 1925)

ബംഗാളി സാഹിത്യകാരന്‍. വംഗസാഹിത്യത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യ ജിഹ്വയായിരുന്നു കല്ലോല്‍ എന്ന മാസികയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന ഇദ്ദേഹം. ഈ മാസിക പ്രചാരത്തില്‍ വന്നതോടുകൂടി ടാഗൂര്‍ കുടുംബത്തിന്റെ രക്ഷാധികാരത്തിന്‍ കീഴില്‍ നടത്തിയിരുന്ന ഭാരതിയും പ്രമഥ് ചൗധരിയുടെ സബുജ് പത്രയും പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുകയുണ്ടായി. 'കല്ലോല്‍' എന്ന വാക്കിന്റെ അര്‍ഥം ആഞ്ഞടിക്കുന്ന തിരമാലകള്‍ എന്നാണ്. പുതിയ നിര്‍മാണ പ്രക്രിയയുടെ, സാഹിത്യത്തിലെ ആശയ വിപ്ലവത്തിന്റെ കല്ലോലങ്ങളെയാണ് ഈ മാസിക പ്രതിനിധാനം ചെയ്തിരുന്നത്.

1923 മേയ് മാസത്തില്‍ ദിനേശ്രഞ്ജന്‍ ദാസിന്റെ സഹായത്തോടുകൂടി ഗോകുല്‍ ഈ മാസികയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഗവണ്‍മെന്റ് ആര്‍ട്സ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന ഗോകുല്‍ കോഴ്സ് പൂര്‍ത്തിയാക്കിയില്ല. എങ്കിലും എണ്ണച്ചായമുപയോഗിച്ചുള്ള ചിത്രരചനയില്‍ ഇദ്ദേഹം അസാമാന്യ വൈഭവം സമ്പാദിച്ചിരുന്നു.

ഗോകുല്‍ ആദ്യമായി സാഹിത്യരംഗത്തു പ്രത്യക്ഷപ്പെട്ടത് ചെറുകഥകളില്‍ക്കൂടിയാണ്. പ്രവാസി, ഭാരതി മുതലായ മാസികകളിലാണ് ഇദ്ദേഹത്തിന്റെ ആദ്യ രചനകള്‍ വെളിച്ചം കണ്ടത്. ഈ കഥകളുടെ ശേഖരം രൂപരേഖ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു (1922). ഇദ്ദേഹത്തിന്റെ മരണാനന്തരം മായാമുകുള്‍ (വ്യാമോഹമുകുള്‍) എന്ന പേരില്‍ മറ്റൊരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോകുല്‍ ചന്ദ്രനാഗിന്റെ ഏറ്റവും പ്രധാനകൃതി പഥിക് (സഞ്ചാരി, 1925) എന്ന നോവലാണ്. അത് കല്ലോലില്‍ ആദ്യപതിപ്പുമുതല്‍ തുടര്‍ക്കഥയായി പ്രസിദ്ധീകരിച്ചിരുന്നു. ലളിതവും മനസ്സില്‍ തങ്ങിനില്‍ക്കുന്നതുമായ ആഖ്യാനരീതിയില്‍ എഴുതിയ ഈ ആദ്യകൃതി ബംഗാളി നോവല്‍ സാഹിത്യത്തില്‍ ഒരു പുതിയ പാത വെട്ടിത്തുറക്കുകയുണ്ടായി. ഝഡേര്‍ദോല (കൊടുങ്കാറ്റടി) എന്ന ഒരു കൃതിയും ഇദ്ദേഹത്തിന്റേതായുണ്ട്. ജന്മനാ വിപ്ലവകാരിയായിരുന്ന ഗോകുലിന്റെ മനഃസാക്ഷി കല്ലോലില്‍ക്കൂടി ബഹിര്‍ഗമിച്ചു. ടാഗൂറിന്റെ പാതയില്‍ നിന്നകന്ന് അശരണരുടെയും ഖനിത്തൊഴിലാളികളുടെയും ചേരിവാസികളുടെയും രക്ഷയ്ക്കായി കല്ലോല്‍ പ്രവര്‍ത്തിച്ചു. ഗോകുല്‍ ആയിരുന്നു മാസികയുടെ ഹൃദയവും ആത്മാവും. 1925-ല്‍ ക്ഷയരോഗബാധിതനായി ഇദ്ദേഹം ഡാര്‍ജിലിംഗില്‍ അന്തരിച്ചു.

(പ്രൊഫ. നിലീനാ എബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍