This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോട്ട്വാള്‍ഡ്, ക്ലെമന്റ് (1896 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോട്ട്വാള്‍ഡ്, ക്ലെമന്റ് (1896 - 1953)

Gottwald, Klement

മുന്‍ ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് നേതാവ്. കുറേക്കാലം ഗോട്ട്വാള്‍ഡ് ആ രാജ്യത്തെ പ്രസിഡന്റായിരുന്നു. 1896 ന. 23-ന് അന്നത്തെ ആസ്റ്റ്രിയ-ഹംഗറിയുടെ ഭാഗമായിരുന്ന മൊറാവിയയിലെ ഡെഡിസ് (Dedice) എന്ന ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. 1915-ല്‍ ആസ്റ്റ്രോ-ഹംഗേറിയന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇദ്ദേഹം ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്തിരുന്നു. 1918-ല്‍ ചെക്കോസ്ലോവാക്യ രൂപവത്കരണത്തോടുകൂടി പൊതുജീവിതത്തിലേക്കു കടന്ന ഇദ്ദേഹം ചെക്കോസ്ലോവാക് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ നേതാവായി മാറി. 1921-ല്‍ ചെക്കോസ്ലോവാക് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതില്‍ ഗോട്ട്വാള്‍ഡിന് പ്രധാന പങ്കുണ്ടായിരുന്നു. 1925-ല്‍ ഇദ്ദേഹം സെന്‍ട്രല്‍ കമ്മിറ്റിയിലേക്കും പോളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1926 മുതല്‍ 29 വരെ പാര്‍ട്ടിയുടെ പ്രചാരണ വിഭാഗത്തിന്റെ നേതൃത്വം വഹിച്ച ഇദ്ദേഹം പാര്‍ട്ടി പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. ചെക്കോസ്ലോവാക്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഞ്ചാം കോണ്‍ഗ്രസ്സില്‍വച്ച് (1929) ഇദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായി. 1929-ല്‍ ചെക്കോസ്ലോവാക്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1929-ല്‍ കോമിന്റേണിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായി. 1935 മുതല്‍ 43 വരെ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനവും വഹിച്ചു.

1938-ലെ മ്യൂണിച്ച് കരാറിനെ ഇദ്ദേഹം എതിര്‍ത്തു. ചെക്കോസ്ലോവാക്യന്‍ ഗവണ്‍മെന്റ് ഈ കരാറിനെ അംഗീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം മോസ്കോയിലേക്കു പോയി. അവിടെ പുറംനാടുകളിലായിരുന്ന ചെക്ക് കമ്യൂണിസ്റ്റുകളുടെ നാഷണല്‍ഫ്രണ്ട് സംഘടിപ്പിക്കാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു. 1943-ല്‍ എഡ്വേര്‍ഡ് ബീന്‍സുമായി ബന്ധപ്പെടുകയും ഒരു ദേശീയ കൂട്ടുകക്ഷി ഗവണ്‍മെന്റ് രൂപവത്കരിക്കുന്നതിനെക്കുറിച്ചാലോചിക്കുകയും ചെയ്തു. 1945 ഏ.-ല്‍ ഗോട്ട്വാള്‍ട്ട് ചെക്കോസ്ലോവാക്യന്‍ ഗവണ്‍മെന്റില്‍ ഉപപ്രധാനമന്ത്രിയായി. 1946-ല്‍ ചെക്കോസ്ലോവാക്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം അതേവര്‍ഷം ജൂണ്‍ മാസത്തിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ കൂട്ടുകക്ഷി മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി. 1948 ഫെ.യിലെ കമ്യൂണിസ്റ്റ് അട്ടിമറിയോടുകൂടി ഇദ്ദേഹം ചെക്കോസ്ലോവാക്യയില്‍ കമ്യൂണിസ്റ്റ് ഭരണത്തിനടിസ്ഥാനമിട്ടു. 1948 ജൂണില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോട്ട്വാള്‍ഡ് 1953 മാ. 14-നു പ്രാഗില്‍ മരണമടയുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍