This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘിബര്‍ട്ടി, ലോറന്‍സോ (1381 - 1455)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘിബര്‍ട്ടി, ലോറന്‍സോ (1381 - 1455)

Ghibarti, Lorenso

ഇറ്റാലിയന്‍ ശില്പശാലാ വിദഗ്ധനും ഗ്രന്ഥകാരനും. മധ്യകാല ഗോഥിക് പാരമ്പര്യത്തെയും നവോത്ഥാനത്തെയും കൂട്ടിയിണക്കുന്ന സുപ്രധാന കണ്ണിയായ ലോറന്‍സോ ഘിബര്‍ട്ടി 1381-ല്‍ ഫ്ളോറന്‍സില്‍ ജനിച്ചു. ബര്‍ത്തൊലൂച്ചിയോ ദ മൈക്കേലിന്റെ കീഴില്‍ നന്നേ ചെറുപ്പത്തിലേ ലോറന്‍സോ സ്വര്‍ണപ്പണി അഭ്യസിച്ചു. ലോറന്‍സോയുടെ വിധവയായ അമ്മയെ ബര്‍ത്തൊലൂച്ചി വിവാഹം കഴിക്കുകയും കുട്ടിയെ ദത്തെടുക്കുകയുമുണ്ടായി. 1409-ല്‍ സ്വര്‍ണപ്പണിക്കാരുടെയും 1423-ല്‍ ചിത്രകാരന്മാരുടെയും 1427-ല്‍ കല്ലില്‍ ശില്പങ്ങള്‍ വാര്‍ക്കുന്നവരുടെയും സംഘടനകളില്‍ അംഗത്വം നേടി. ഫ്ളോറന്‍സില്‍ പടര്‍ന്നുപിടിച്ച പ്ളേഗുബാധയില്‍ നിന്നു രക്ഷനേടാനായി 1400-ല്‍ റൊമാണയിലേക്കുപോയ ലോറന്‍സോ അവിടെ കാര്‍ലോ മലറ്റെസ്റ്റാ കൊട്ടാരത്തിലെ മുഖ്യ ചിത്രകാരന്റെ സഹായിയായി കുറേനാള്‍ പ്രവര്‍ത്തിച്ചു. 1401-ല്‍ ഇദ്ദേഹം ഫ്ളോറന്‍സില്‍ തിരിച്ചെത്തി. ഫ്ളോറന്‍സ് വിശുദ്ധ ദേവാലയത്തിന്റെ വടക്കേ വാതിലുകള്‍ ശില്പവേലകളോടുകൂടി വെങ്കലത്തില്‍ വാര്‍ക്കുന്നതിനു മാതൃക ക്ഷണിച്ചുകൊണ്ട് മത്സരം സംഘടിപ്പിക്കപ്പെട്ടിരുന്ന സമയമായിരുന്നു അത്. ഫിലിപ്പോബ്രൂണെല്ലെഷ്ചി, ജാക്കൊപ്പോ ദല്ലക്വേര്‍ഷിയ തുടങ്ങിയ ഏഴ് ശില്പികളോടൊപ്പം ഇദ്ദേഹം ഇതില്‍ പങ്കെടുക്കുകയും ഒന്നാം സമ്മാനം നേടുകയും ചെയ്തു. ഇസാക്കിന്റെ ത്യാഗമാണ് മാതൃകയില്‍ ലോറന്‍സ് വിഷയമാക്കിയിരുന്നത്.

ലോറന്‍സോ ഘിബര്‍ട്ടി രൂപകല്പന ചെയ്ത ഒരു പാനല്‍ ശില്പം

ഫ്ളോറന്‍സ് ദേവാലയത്തിന്റെ വടക്കേ വാതിലുകള്‍ വാര്‍ക്കുന്നതിനുള്ള ഉത്തരവ് 1403-ല്‍ ലോറന്‍സോയ്ക്കു ലഭിച്ചു. വിഷയം പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തിലേക്കു മാറ്റുകയുണ്ടായി. 1424-ല്‍ പണിപൂര്‍ത്തിയാക്കിയ ഈ വാതിലില്‍ 28 രംഗങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. സസ്യങ്ങളുടെയും ജന്തുക്കളുടെയും ചിത്രങ്ങള്‍ രംഗങ്ങളെ വിഭജിക്കുന്നു. സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ 48 പ്രവാചകന്മാരുടെ മുഖവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഈ മഹാപ്രയത്നത്തിനുവേണ്ടി നിര്‍മിച്ച പണിശാല, പിന്നീട് ദൊനടെല്ലോ, മസോലിനോ, പാവ്ലോ ഉസെല്ലോ തുടങ്ങിയ ഫ്ളോറന്റൈന്‍ ചിത്രകാരന്മാരുടെ പരിശീലനക്കളരിയായിത്തീര്‍ന്നു.

പ്രതിമാ നിര്‍മാണത്തിലും ലോറന്‍സോ അസാമാന്യ വൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്. സെന്റ് ജോണിന്റെയും സെന്റ് മാത്യുവിന്റെയും പൂര്‍ണകായ പ്രതിമകള്‍ വെങ്കലത്തില്‍ ഇദ്ദേഹം തീര്‍ക്കുകയുണ്ടായി. പ്രധാനപ്പെട്ട മറ്റു പ്രതിമാശില്പങ്ങള്‍ സെന്റ് സ്റ്റീഫന്‍, സെനോബിയസ് എന്നിവരുടേതാണ്. ഫ്ളോറന്‍സില്‍ സ്ഥാപിച്ചിട്ടുള്ള ലോഡോമി കോഡഗ്ളി ഒബിസി, ബര്‍ത്തൊലോമിയോ വലോറി എന്നിവരുടെ പ്രതിമകള്‍ മാര്‍ബിളില്‍ തീര്‍ത്തവയാണ്. ഫ്ളോറന്‍സില്‍ ഇക്കാലത്തു നിര്‍മിച്ച മിക്ക മികച്ച മന്ദിരങ്ങളുടെയും വാസ്തുശില്പകലാ മേല്‍നോട്ടം നടത്തിയത് ലോറന്‍സോ ആണ്.

1424-ല്‍ വെനീസ് യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ഉടന്‍ തന്നെ (1425) ഫ്ളോറന്‍സ് വിശുദ്ധ ദേവാലയത്തിന്റെ കിഴക്കേ വാതിലുകള്‍ ഉടച്ചു വാര്‍ക്കുന്നതിന് ഇദ്ദേഹം നിയോഗിക്കപ്പെട്ടു. 1452-ലാണ് ഇതിന്റെ ജോലികള്‍ തീര്‍ന്നത്.

ലോറന്‍സോയുടെ കലാവൈഭവവും വിപുലമായ അറിവും നിശിത ബുദ്ധിയും തെളിഞ്ഞു വിളങ്ങുന്ന കൃതിയാണ് കമന്ററിയെ. 1447-ല്‍ രചന തുടങ്ങിയ ഈ കൃതി പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ, 1455-ഡി. 1-നു ഫ്ളോറന്‍സില്‍ ലോറന്‍സോ അന്തരിച്ചു. പ്രാചീന ക്ളാസ്സിക് കലാകാരന്മാരുടെ സിദ്ധിവേഷങ്ങളുടെ താരതമ്യപഠനം നടത്തുകയാണ് ഒന്നാം കമന്ററിയില്‍. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കാണാന്‍ സാധിച്ച വിശിഷ്ട കലാരൂപങ്ങള്‍ പ്രതിപാദിക്കുന്ന രണ്ടാം കമന്ററി, 14-ാം ശ.-ത്തിലെ ഫ്ളോറന്‍സിലെയും സീയെനയിലെയും ചിത്രകലയെക്കുറിച്ചു പഠിക്കുന്നതിന് ആശ്രയിക്കാവുന്ന ഒരു ഉത്തമ ഗന്ഥമാണ്. ആത്മകഥാപരമായ കുറേ വിവരങ്ങളും ഇവിടെ ഇദ്ദേഹം ചേര്‍ക്കുന്നുണ്ട്. ഗ്രന്ഥത്തിന്റെ പകുതിയിലേറെ വരുന്ന മൂന്നാം കമന്ററി, നേത്രം, അതിന്റെ പ്രവര്‍ത്തനം, പ്രകാശവും കാഴ്ചയും തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ചചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍