This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുര്‍വേദി, ബനാറസിദാസ് (1892 - 1985)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതുര്‍വേദി, ബനാറസിദാസ് (1892 - 1985)

പത്രപ്രവര്‍ത്തകനും ഹിന്ദിസാഹിത്യകാരനും. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 1892-ല്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കിയശേഷം അധ്യാപകവൃത്തിയിലേക്ക് കടന്നു. ആദ്യം ഫറൂഖാബാദ് സ്കൂള്‍, ഇന്‍ഡോര്‍ ഡെയ്ലി കോളജ് എന്നിവിടങ്ങളിലായിരുന്നു സേവനമനുഷ്ഠിച്ചത്. പിന്നീട് മഹാത്മാഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിലെ അധ്യാപകനായി.

ദേശീയോദ്ഗ്രഥനപരവും സാഹിത്യപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജോലി ഉപേക്ഷിച്ചു. അക്കാലത്തെ പ്രമുഖ പത്രാധിപരായിരുന്ന ഗണേശ ശങ്കര്‍ വിദ്യാര്‍ഥിയുടെ സ്വാധീനം ബനാറസിദാസിനെ പത്രപ്രവര്‍ത്തനത്തിലേക്കെത്തിച്ചു. വൈകാതെ ഇദ്ദേഹം കൊല്‍ക്കത്തയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിശാല്‍ ഭാരതിയുടെ പത്രാധിപരായി. ഒത്തുതീര്‍പ്പില്ലാത്തതും നിശിതവുമായ പുരോഗമന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടുള്ള പത്രപ്രവര്‍ത്തനമായിരുന്നു ഇദ്ദേഹത്തിന്റേത്. അതുവഴി വിശാല്‍ ഭാരതി സാമൂഹ്യരംഗത്തും സാഹിത്യരംഗത്തും ശക്തമായ സ്വാധീനം ചെലുത്തി.

വിദേശത്തു കഴിയുന്ന ഇന്ത്യാക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവരുടെ താത്പര്യസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്നത് ഇദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സി.എഫ്. ആന്‍ഡ്രൂസ്, ശ്രീനിവാസ ശാസ്ത്രി, മഹാത്മാഗാന്ധി എന്നിവരുടെ സഹായവും ഇദ്ദേഹം തേടുകയുണ്ടായി. ജന്മനാടിനുവേണ്ടി വീരചരമം വരിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ ജീവചരിത്രപരമ്പര പ്രസിദ്ധീകരിച്ചതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു സേവനം.

ബനാറസിദാസ് പത്തുവര്‍ഷത്തോളം രാജ്യസഭാംഗമായിരുന്നു. അക്കാലത്ത് ഹിന്ദി പ്രചാരത്തിനുവേണ്ടി വളരെയധികം പരിശ്രമിക്കുകയുണ്ടായി. തലസ്ഥാനത്തെ ഹിന്ദിഭവന്‍ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്.

ബനാറസിദാസിന്റെ ദേശസേവനങ്ങളെ സര്‍ക്കാര്‍ പദ്മഭൂഷണ്‍ ബഹുമതി നല്കി ആദരിക്കുകയുണ്ടായി. 1985-ല്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍