This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാപ്മാന്‍, ജോര്‍ജ് (1559/60 - 1634)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാപ്മാന്‍, ജോര്‍ജ് (1559/60 - 1634)

Chapman, George

ഇംഗ്ളീഷ് സാഹിത്യകാരന്‍. കവി, നാടകകൃത്ത്, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ചാപ്മാന്‍ ലണ്ടനടുത്ത് ഹിച്ചിനില്‍ ജനിച്ചു. ജനനം 1559-ലോ 60-ലോ എന്നു തര്‍ക്കമുണ്ട്. ഓക്സ്ഫഡ്, കേംബ്രിജ് എന്നീ സര്‍വകലാശാലകളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറച്ചുകാലം ചാപ്മാന്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. കടബാധ്യതയുടെ പേരിലും (1600), ഈസ്റ്റ് വേര്‍ഡ് ഹോ (1605) എന്ന നാടകത്തിന്റെ പേരിലും ഇദ്ദേഹത്തിന് രണ്ടു പ്രാവശ്യം ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.

ദ് ഷാഡോ ഒഫ് നൈറ്റ് (1594), ഓവിഡ്സ് ബാന്‍ക്വറ്റ് ഒഫ് സെന്‍സ് (1595) എന്നിവ ഇദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളാണ്. ക്രിസ്റ്റഫര്‍ മാര്‍ലോവിന്റെ പൂര്‍ത്തികരിക്കാത്ത കൃതികളായ ഹീറോയും ലീന്‍ഡറും (1598) എഴുതി പൂര്‍ണമാക്കിയത് ചാപ്മാനാണ്. 1596-1612 കാലഘട്ടങ്ങളില്‍ ഇദ്ദേഹം നാടകരംഗത്തേക്കു കടന്നു. എലിസബത്തന്‍ യുഗത്തിന്റെ എല്ലാ സ്വഭാവ വിശേഷങ്ങളും ഇദ്ദേഹത്തിന്റെ നാടകങ്ങളില്‍ കാണാം. നര്‍മരസപ്രധാനങ്ങളും ശുഭപര്യവസായിയുമായ നാടകങ്ങളാണ് ചാപ്മാന്റെ മിക്ക കൃതികളും. ദ് ബ്ളൈന്‍ഡ് ബെഗ്ഗര്‍ ഒഫ് അലക്സാന്‍ഡ്രിയ, ഓള്‍ ഫൂള്‍സ്, ദ് വിഡോസ് ടിയേഴ്സ്, എ ഹ്യൂമറസ് മിര്‍ത് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍.

ബുസ്സിഡി ആംബോയിസ്, ദ് കോണ്‍സ്പിരസി ആന്‍ഡ് ട്രാജഡി ഒഫ് ചാള്‍സ് ഡ്യൂക് ഒഫ് ബൈറണ്‍, ദ് ട്രാജഡി ഒഫ് ചാബൊട്ട് അഡ്മിറല്‍ ഒഫ് ഫ്രാന്‍സ് മുതലായവ ദുരന്തപൂര്‍ണങ്ങളായ രചനകളാണ്. ഇലിയഡ്, ഒഡീസി മുതലായ ഇതിഹാസകാവ്യങ്ങള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

വളരെയധികം സാമ്പത്തികക്ലേശം നിറഞ്ഞതായിരുന്നു ചാപ്മാന്റെ ജീവിതം. 1634 മേയ് 12-ന് ലണ്ടനില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍