This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രകഥകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രകഥകള്‍

കഥാഖ്യാനത്തിനായി വരയ്ക്കുന്ന ചിത്രപംക്തി. ഭാരതത്തിലെ നാടോടി കഥാഖ്യാന പാരമ്പര്യത്തില്‍ ഇതിന് പ്രമുഖമായൊരു സ്ഥാനമുണ്ടായിരുന്നു. കടലാസുചുരുളിലോ തുണിയിലോ നിരനിരയായി വരച്ചിട്ടുള്ള ചിത്രങ്ങള്‍ അനുക്രമമായി പ്രദര്‍ശിപ്പിച്ച് കഥ പറയുന്ന രീതിയാണിത്. ഭാരതത്തില്‍ മിക്കവാറും എല്ലായിടത്തും ഇത് പ്രാദേശികഭേദങ്ങളോടെയാണെങ്കിലും നിലനിന്നിരുന്നു. ചിലയിടങ്ങളില്‍ ഇതിന് അനുഷ്ഠാനപരമായ പ്രാധാന്യവും ഉണ്ടായിരുന്നു. ദേവതമാരെ ആവാഹിക്കുന്നതിനായി ചിത്രകഥകള്‍ പ്രദര്‍ശിപ്പിച്ച് പാടുന്ന പതിവ് ഇതിനുദാഹരണമാണ്.

ആദ്യകാല ചിത്രച്ചുരുളുകള്‍ പൊതുവേ തുണിയിലായിരുന്നു. പിന്നീട് കടലാസില്‍ വരച്ച് തുണിയില്‍ ഒട്ടിക്കുന്ന രീതി നിലവില്‍ വന്നു. ചുരുളുകളില്‍ ലംബമായോ തിരശ്ചീനമായോ ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. സംഭവപരമ്പരകള്‍ ഒന്നൊന്നായി അലങ്കൃത രേഖകളാല്‍ അതിരിട്ട കോളങ്ങളില്‍ വരയ്ക്കുകയാണ് പതിവ്. മുകളില്‍ നിന്ന് താഴേക്കോ ഒരു വശത്തുനിന്ന് മറുവശത്തേക്കോ ചുരുള്‍ നിരത്തി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് അതില്‍ ആലേഖനം ചെയ്തിട്ടുള്ള കഥാസംഭവം വിവരിക്കുന്നതാണ് അവതരണരീതി. ഗദ്യവും പദ്യവും ഇടകലര്‍ന്ന ശൈലിയാണ് പൊതുവേ സ്വീകരിച്ചിരുന്നത്. ചിലപ്പോള്‍ അകമ്പടിവാദ്യവും ഉപയോഗിക്കും. കഥകള്‍ മിക്കവയും നാടോടി പുരാവൃത്തങ്ങളോ പുരാണകഥകളുടെ നാടോടി മാതൃകകളോ ആയിരിക്കും. വീരപുരുഷന്മാരുടെ ചരിതങ്ങളും അവതരിപ്പിക്കാറുണ്ട്. ഇങ്ങനെ ചിത്രം കാട്ടി കഥ പറയുന്നവര്‍ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് വീട്ടുമുറ്റത്തോ മരത്തണലിലോ ആളുകളെ കൂട്ടി തന്റെ പ്രദര്‍ശനം നടത്തുകയാണ് പതിവ്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാരിതോഷികങ്ങളാണ് അവരുടെ പ്രധാന ഉപജീവന മാര്‍ഗം. ചിത്രകഥകള്‍ അവതരിപ്പിക്കുന്നവരെ ഗ്രാമീണ-ഗായകരിലെ ഒരു സവിശേഷവിഭാഗമായി കണക്കാക്കുന്നു. വാങ്മയ സാഹിത്യത്തിന് ചിത്രകഥകളുടെ സംഭാവനകള്‍ മികവുറ്റതാണ്.

ഈ സമ്പ്രദായത്തെക്കുറിച്ചുള്ള ആദ്യകാലപരാമര്‍ശങ്ങള്‍ ജൈനസാഹിത്യത്തിലാണുള്ളത്. ഭഗവതി സംഹിത (3-ാം ശ.) യില്‍ ആജീവികാചാര്യന്മാരെക്കുറിച്ച് പറയുന്നിടത്ത് 'മാന്‍ഖ'യെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. 'കൈയില്‍ ചിത്രച്ചുരുള്‍ പിടിച്ചിരിക്കുന്നവന്‍' എന്നാണ് 'മാന്‍ഖ' എന്നതിനര്‍ഥം. ഔപ പതികസൂത്ര(3-5 ശ.)ത്തിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കഥപാടി നടക്കുന്നവരെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. പ്രാചീന സംസ്കൃത സാഹിത്യത്തില്‍ യാമപടം എന്നാണ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. മുദ്രാരാക്ഷസത്തിലും ഹര്‍ഷചരിതത്തിലും യാമപടധാരികളായ കഥാവതാരകരെക്കുറിച്ചുള്ള വിവരണമുണ്ട്.

ബംഗാളില്‍ ചിത്രം പ്രദര്‍ശിപ്പിച്ച് കഥ പറയുന്ന കലയ്ക്ക് വളരെയേറെ പ്രചാരമുണ്ടായിരുന്നു. ഇവിടെ ലംബദിശയില്‍ വരച്ച ചിത്രച്ചുരുളുകളാണ് ഉപയോഗിച്ചിരുന്നത്. കൃഷ്ണകഥ, രാമകഥ, ശക്തി കഥ, നഹുഷപുരാണം, ബഹുളമാനസകഥ എന്നിവയാണ് ഇവിടത്തെ ചിത്രകഥകളിലെ പ്രധാന ഇതിവൃത്തം. ബഡേഖാന്‍ ഘാസി എന്ന വീരചരിതവും ഇതിവൃത്തമാക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് രജപുത്രമുഗള്‍ ടോണ്‍ ആണുള്ളത്. ജഡുപടുവകള്‍ എന്നറിയപ്പെടുന്ന നാടോടിചിത്രകാരന്മാര്‍ വരയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സന്താളരുടെയിടയിലുള്ള വസന്തോത്സവം ചിത്രീകരിക്കുന്ന ചുരുളുകള്‍ അതിമനോഹരമാണ്. സാലവൃക്ഷത്തിന്റെ പൂക്കള്‍ തലമുടിയില്‍ത്തിരുകി നൃത്തംചെയ്യുന്ന തരുണികളും ആദിസന്താളരുമെല്ലാം ഈ ചിത്രങ്ങളിലെ സവിശേഷതയാണ്. കൃഷ്ണലീലയിലെ ഗോപികാവസ്ത്രാപഹരണവും ചിത്രകഥകളിലെ മികവുറ്റ ശൈലിക്കു നിദര്‍ശനങ്ങളാണ്.

ഗുജറാത്തില്‍ ഗരോദ എന്ന ഗോത്രത്തിലെ പുരോഹിതരാണ് ചിത്രകഥകള്‍ അവതരിപ്പിക്കുന്നത്. തിപണു എന്നാണ് ഇവര്‍ ചിത്രച്ചുരുളുകളെ വിളിക്കുക. അവ കടലാസില്‍ ജലച്ചായംകൊണ്ട് വരച്ചതാണ്. 35 സെ.മീ. വീതിയും 4.19 മീ. നീളവുമുണ്ട്. ആകെ 19 പാനലുകള്‍ ആണുള്ളത്. ദേവതമാര്‍ക്കു പുറമേ മരണാനന്തരമുള്ള ആത്മാവിന്റെ യാത്രകളും നരകശിക്ഷകളുമെല്ലാം അതിലുണ്ട്.

അഹമ്മദാബാദിലെ വാഘ്രി സമുദായക്കാര്‍ മറ്റൊരു രീതിയില്‍ ചിത്രകഥകളെ ഉപയോഗിച്ചിരുന്നു. ധോത്തി അഥവാ കാന്‍ഡാര്യോ എന്നറിയപ്പെടുന്ന തുണിയിലെ ചിത്രങ്ങള്‍ ഇവര്‍ താത്കാലിക ദേവാലയത്തിനു ചുറ്റും കെട്ടിത്തൂക്കിയശേഷമാണ് ദേവതമാരെ ആവാഹിക്കുന്നത്. നവരാത്രിദിവസം ഇത്തരം പൂജ പതിവാണ്. ഈ ചിത്രങ്ങളിലധികവും ഖോധിയാര്‍, മൊമൈ, വഹന്വതി, മേലഡി തുടങ്ങിയ ദേവതമാരുടെ കഥകള്‍ പറയുന്നവയാണ്.

ഛോട്ടാ ഉദയപൂരിലും പഞ്ചമഹലിലും ഉള്ള റത്പഗോത്രജര്‍ വീടിന്റെ ചുമരുകളില്‍ ചിത്രകഥകള്‍ രേഖപ്പെടുത്താറുണ്ട്. വരച്ചുതീരുമ്പോഴും പിന്നെ ആണ്ടുതോറും ഒരു ബാദ്വ മാന്ത്രികനാല്‍ പ്രത്യേക പൂജ നടത്തും. ആ സമയത്ത് കഥാപാത്രങ്ങള്‍ മാന്ത്രികനില്‍ ആവേശിക്കുന്നു എന്ന വിശ്വാസമുണ്ട്.

രാജസ്ഥാനിലെ ചിത്രകഥകളില്‍ അധികവും വീരകഥകളാണ്. വീരചരമം പ്രാപിച്ച യോദ്ധാക്കളുടെ ജീവചരിത്രമാണ് സര്‍വസാധാരണമായുള്ളത്. രജപുത്രവംശജനായ പബുജിയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രകഥ ഇവയില്‍ പ്രധാനപ്പെട്ടതാണ്. 4-6 മീ. നീളമുള്ള ഇത് പ്രദര്‍ശിപ്പിച്ചു കഥ പറയുമ്പോള്‍ രാവണ്‍-ഹത്ത എന്ന കമ്പിവാദ്യം പശ്ചാത്തലമായി വായിക്കും. ഭോപമാരാണു ഇതിന്റെ പ്രദര്‍ശകരും ആഖ്യാതാക്കളും. അവതരണവേളയില്‍ അവരുടെ ഭാര്യമാര്‍ വിളക്കു പിടിച്ചിരുന്ന് ആടും.

ആന്ധ്രപ്രദേശിലും ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രകഥകളും അനുബന്ധകലകളും നിലനിന്നിരുന്നു. ആന്ധ്രയിലെ 'ചിത്രപടം' ശ്രദ്ധേയമാണ്. ഇവ ക്ഷേത്രങ്ങളില്‍ തൂക്കിയിടുന്ന ചിത്രച്ചുരുളുകളാണ്. ലേപാക്ഷി ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ കഥാഖ്യാനപരമാണ്. കലങ്കരി ക്ഷേത്രത്തില്‍ തൂക്കിയിട്ട ചിത്രച്ചുമരുകളിലെ കീചകവധം കഥാചിത്രണത്തിന്റെ ഉത്തമമാതൃകയാണ്. ഇവയ്ക്കു പുറമേ തുണിയില്‍ വരച്ച ചിത്രച്ചുരുളുകള്‍ ധാരാളമായുണ്ട്. പൊതുവേ ഒരു പടത്തിന് ഏകദേശം 9 മീ. നീളവും 1 മീ. വീതിയുമുണ്ട്. ലംബതലത്തിലാണ് ചിത്രണം. രാമായണ ഭാഗവതകഥകളുടെ പ്രാദേശികഭേദങ്ങളാണ് മുഖ്യഇതിവൃത്തം. മാര്‍ക്കണ്ഡേയ പുരാണവും സീതാകല്യാണവുമാണ് ഏറ്റവും പ്രസിദ്ധമായ കഥകള്‍. 18-ാം ശ.-ത്തില്‍ വരച്ച ഒരു മാര്‍ക്കണ്ഡേയ ചിത്രകഥ ഇപ്പോള്‍ അഹമ്മദാബാദിലെ കാലിക്കോ മ്യൂസിയത്തിലുണ്ട്.

ആന്ധ്രപ്രദേശിലെ ചിത്രകഥകളില്‍ സവിശേഷമായ ഒന്നാണ് ചിത്രരാമായണം. ഇത് താളിയോലയില്‍ വരച്ചിട്ടുള്ള രാമായണ കഥയാണ്. ഉന്നതമായ ആഖ്യാനസ്വഭാവവും ഉത്കൃഷ്ടമായ ചിത്രണശൈലിയും ഇതിന്റെ പ്രത്യേകതകളാണ്. ഇത് പൊതുവായ പ്രദര്‍ശനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരിക്കാന്‍ സാധ്യതയില്ല. സ്വകാര്യ പ്രദര്‍ശനങ്ങള്‍ക്കായിട്ടായിരിക്കാം ഇവ തയ്യാറാക്കിയിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.

കേരളത്തിലും ഈ തരത്തിലുള്ള ചിത്രരാമായണം ഉണ്ടായിരുന്നു എന്നതിനു തെളിവുണ്ട്. തിരുവനന്തപുരത്തെ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രരാമായണം ഉദാഹരണമാണ്. അമ്പലപ്പുഴയിലെ കോഴിമുക്കില്‍നിന്നും ലഭിച്ച ഇത് 1570-ലാണ് എഴുതിത്തീര്‍ത്തതെന്നു രേഖപ്പെടുത്തിക്കാണുന്നു. 34 സെ.മീ. നീളവും 8 സെ.മീ വീതിയുമുള്ള 98 താളിയോലകളിലായാണ് സമ്പൂര്‍ണരാമായണം ചിത്രീകരിച്ചിരിക്കുന്നത്. അധ്യാത്മരാമായണത്തെ അവലംബിച്ചിട്ടുള്ള സംഭവ പരമ്പരകളാണ് ഇതിലുള്ളത്. നാരായം കൊണ്ട് വരച്ച ഈ ചിത്രങ്ങള്‍ കഥ സ്വയം വിവരിക്കാന്‍ പര്യാപ്തമായവയാണ്. അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമേ അടിക്കുറുപ്പുകളുള്ളൂ. അജ്ഞാതകര്‍ത്തൃകമായ ഈ രചന ഒരു ഉത്കൃഷ്ട കലാകാരന്റെ സാന്നിധ്യം വിളിച്ചോതുന്ന ഒന്നാണ്. താടകവധം, ജടായുസംഗമം, ദണ്ഡകവനം തുടങ്ങിയ ഭാഗങ്ങളും യുദ്ധരംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് പരിപക്വമായ രേഖീയ ചിത്രകലയുടെ ഉദാഹരണമാണ്.

കേരളത്തില്‍ നിലവിലിരിക്കുന്ന നിഴല്‍ക്കൂത്ത് ചിത്രകഥയുടെ തന്നെ മറ്റൊരു മാതൃകയാണ്. അതില്‍ മാന്‍തോലിലോ കടലാസു ബോര്‍ഡിലോ കൊത്തിയുണ്ടാക്കിയ പാവകളെ കൊണ്ടുണ്ടാക്കുന്ന നിഴല്‍ച്ചിത്രങ്ങളിലൂടെയാണ് കഥാഖ്യാനം നടത്തുന്നത്. കമ്പരാമായണത്തെ ആസ്പദമാക്കിയുള്ള ഇതിവൃത്തമാണ് സാധാരണ കാണുന്നത്.

മഹാരാഷ്ട്രയിലും കര്‍ണാടകത്തിലുമുള്ള ചിത്രകഥാപാരമ്പര്യമാണ് 'പൈത്താന്‍ ചിത്രകല'. പിത്താന്‍ നഗരത്തില്‍നിന്ന് ലഭിച്ച ചിത്രകഥകളുടെ വന്‍ശേഖരത്തെ മുന്‍നിര്‍ത്തിയാണ് ഈ പേരു നല്കിയിരിക്കുന്നത്. 'ചിത്രകഥി ചിത്രകല' എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. നാടോടികളായ ചിത്രകഥാവതാരകരാണ് ചിത്രകഥികള്‍. കൂട്ടംകൂട്ടമായി നടന്ന് നാടുതോറും ചിത്രകഥകള്‍ അവതരിപ്പിക്കുന്ന ഇക്കൂട്ടരുടെ പേരിലാണ് ഇങ്ങനെ അറിയപ്പെടുന്നത്. 12 ഃ 16 ഇഞ്ച് വലുപ്പമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ചിത്രഫലകങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ജലച്ചായം കൊണ്ടു വരച്ച കടലാസുചിത്രങ്ങള്‍ ഇരുവശങ്ങളിലും ഉണ്ടാകും. എക്താരയാണ് അകമ്പടിവാദ്യം. പഞ്ചവടിരാമായണം, സീതാശുദ്ധി, വത്സലാഹരണം തുടങ്ങി പുരാണ കഥകളുടെ നാടോടിഭേദങ്ങളാണ് പ്രതിപാദ്യവിഷയം.

ഈ നാടോടിചിത്രകഥാപാരമ്പര്യം പോലെ ആധുനിക കാലത്ത് മറ്റൊരു ചിത്രകഥാപാരമ്പര്യവും നിലവില്‍ വരികയുണ്ടായി. അത്യാവശ്യംവേണ്ട കുറിപ്പുകളോടെ രേഖാചിത്രങ്ങളിലൂടെ കഥകള്‍ അച്ചടിച്ചവതരിപ്പിക്കുന്ന ചിത്രകഥ (comic strip) ആണത്. 1892-ല്‍ സാന്‍ഫ്രാന്‍സിസ്കോ എക്സാമിനര്‍ എന്ന ദിനപത്രത്തിലൂടെ ജെയിംസ് സ്വിന്നര്‍ട്ടണ്‍ ആണ് ഇതിനു തുടക്കം കുറിച്ചത്. ദ ലിറ്റില്‍ ബെയേഴ്സ് ആന്‍ഡ് ടൈഗേഴ്സ് ആയിരുന്നു കഥ. ഇതില്‍ ചിത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 1897 മുതലാണ് സംഭാഷണത്തോടെയുള്ള ചിത്രകഥ പിറന്നത്. ന്യൂയോര്‍ക്ക് സണ്‍ഡേ ജേണലില്‍ റുഡോള്‍ഫ് ഡെര്‍ക്സ് പ്രസിദ്ധീകരിച്ച കട്സേന്‍ ജാമര്‍ കിഡ്സ് ആണ് ആദ്യകഥ. ഇന്നത്തെ രീതിയില്‍ ഓരോ കോളത്തിനുമുള്ളിലെ 'ബലൂണില്‍' സംഭാഷണം ചേര്‍ക്കുന്ന സമ്പ്രദായം 1898-ല്‍ യെല്ലോകിഡ് എന്ന ചിത്രത്തിലൂടെ ഔട്ട് കോള്‍ട്ട് ആരംഭിച്ചതാണ്.

ദിനപത്രത്തില്‍ നിത്യേന ചിത്രകഥ പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം 1904-ല്‍ തുടങ്ങി. ചിക്കാഗോ അമേരിക്കന്‍ എന്ന പത്രത്തില്‍ കെയര്‍ ബ്രിഗ്ഗ് എ പൈക്കര്‍ ക്ലര്‍ക്ക് എന്ന പരമ്പരയിലൂടെയാണ് ഇത് ആരംഭിച്ചത്. പിന്നീട് പത്രങ്ങളില്‍ അതൊരു അനിവാര്യഘടകമായി. ജോര്‍ജ് മക്നസ്, ഓപ്പര്‍, ഔട്ട്കോര്‍, ജോര്‍ജ് ഹെറിമാന്‍ തുടങ്ങിയ പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രകഥകള്‍ അങ്ങനെ പ്രകാശനം ചെയ്യപ്പെട്ടു. 1920-ഓടെ വീരസാഹസികകഥകളും ശാസ്ത്രകഥകളും ചിത്രകഥകളായി അവതരിപ്പിക്കുന്ന രീതി വന്നു. ക്യാപ്ടന്‍ ഈസി തുടങ്ങിയ വീരസാഹസികകഥകളും സൂപ്പര്‍മാന്‍, ഫ്ളാഷ്ഗോര്‍ഡന്‍, ബ്രിക്ക് ബാഡ്ഫൊര്‍ഡ് എന്നീ സാഹസികകഥകളും വളരെ വേഗം ജനപ്രീതി നേടി.

രണ്ടാം ലോകയുദ്ധാനന്തരം ഹാസ്യചിത്രകഥകള്‍ക്ക് പ്രചാരമേറി. വാള്‍ട്ട് കെല്ലിയുടെ പോഗോ (1949), ചാള്‍സ് ഷുള്‍സിന്റെ പീനട്ട്സ് (1950) എന്നിവ ഉദാഹരണമാണ്. 1952-62 കാലഘട്ടത്തില്‍ 80 ശ.മാ. ചിത്രകഥകളും ഹാസ്യകഥകളായിരുന്നു. തുടര്‍ന്ന് ഭീകര ചിത്രങ്ങള്‍ക്കായി പ്രാമാണ്യം. അതിവേഗം ജനപ്രീതി നേടിയ ഈ കലാശൈലിയെ സംരക്ഷിക്കാനായി 1954-ല്‍ കോമിക് ബുക്ക് പബ്ലിഷേഴ്സ് നിലവില്‍ വരികയും ചെയ്തു.

ആംഗലേയ പ്രസിദ്ധീകരണങ്ങളിലൂടെയാണ് ഈ ആധുനിക ചിത്രകഥകള്‍ ഇന്ത്യയിലേക്കെത്തിയത്. പാശ്ചാത്യ പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ നിന്ന് പകര്‍പ്പവകാശം വാങ്ങിയ കൃതികളായിരുന്നു ആദ്യകാലത്ത് വന്നിരുന്നത്. പ്രാദേശിക പത്രങ്ങളിലും ഈ രീതി തന്നെ പിന്തുടര്‍ന്നു. ഭാഷാന്തരം അടിയില്‍ ചേര്‍ക്കുന്ന പതിവായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീട് ബലൂണില്‍ത്തന്നെ അത് ചേര്‍ക്കുന്ന രീതി നിലവില്‍ വന്നു. മാന്ത്രികനായ മാന്‍ഡ്രേക്ക്, ടാര്‍സന്‍, ഫാന്റം തുടങ്ങിയവ ഇതിനുദാഹരണമാണ്. ഇന്ത്യന്‍ കഥകളെ ആസ്പദമാക്കിയുള്ള ചിത്രകഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത് മുംബൈയിലെ ഇന്ത്യാ ബുക്ക് ഹൗസ് ആണ്. ഇവര്‍ അമര്‍ചിത്രകഥ എന്ന പേരില്‍ ഭാരതീയ പുരാണങ്ങളെയും ചരിത്രത്തെയും അവലംബമാക്കി കഥകള്‍ അവതരിപ്പിച്ചു. ഇത് ഭാരതത്തിലെ ചിത്രകഥകളുടെ കുതിച്ചുകയറ്റത്തിന് കാരണമായി. പൂമ്പാറ്റ, ബാലരമ തുടങ്ങിയ ബാലപ്രസിദ്ധീകരണങ്ങള്‍ ഖണ്ഡശഃയായും പുസ്തകരൂപത്തിലും അമര്‍ചിത്രകഥകള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ ബാലമാസികകളുടെ മറ്റു നിരവധി ചിത്രകഥകള്‍ കേരളത്തില്‍ പ്രചാരം നേടുകയുണ്ടായി. ബോബനും മോളിയും, ചെറിയ മനുഷ്യരും വലിയ ലോകവും തുടങ്ങിയ കാര്‍ട്ടൂണ്‍ ചിത്രകഥാപരമ്പരകളാണ് ഈ രംഗത്തുള്ള മറ്റു കേരളീയ മാതൃകകള്‍. നോ: കാരിക്കേച്ചറും കാര്‍ട്ടൂണും

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍