This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിര്‍പൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിര്‍പൈന്‍

കോണിഫെറെ സസ്യകുടുംബത്തില്‍പ്പെടുന്ന വന്‍വൃക്ഷം. ശാസ്ത്രനാമം: പൈനസ് റോക്സ്ബര്‍ഗി (Pinus roxburghii), പൈനസ് ലോഞ്ചിഫോളിയ (Pinus longifolia). ഹിമാലയന്‍ വനപ്രദേശങ്ങളിലും കാശ്മീര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ 450-2400 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലും ഇവ വളരുന്നുണ്ട്.

ഏകദേശം 55 മീറ്ററോളം ഉയരവും 3 മീറ്ററിലധികം ചുറ്റളവുമുള്ള വന്‍വൃക്ഷങ്ങളാണിവ. മരപ്പട്ടയ്ക്കു ചുവപ്പുകലര്‍ന്ന തവിട്ടുനിറമായിരിക്കും; മരപ്പട്ടയുടെ ഉള്‍ഭാഗത്തിനു കടുംചുവപ്പുനിറവും. വൃക്ഷത്തിന്റെ സൂച്യാകാര (needle shaped)ഇലകള്‍ മൂന്നെണ്ണം വീതമുള്ള കൂട്ടങ്ങളായിട്ടാണു കാണപ്പെടുന്നത്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇലകള്‍ കൊഴിഞ്ഞുപോകുന്നു.

ആണ്‍-പെണ്‍ കോണുകളാണു കോണിഫെറുകളുടെ പ്രത്യുത്പാദനാവയവങ്ങള്‍. ഇവ ആവൃതബീജികളിലെ പുഷ്പങ്ങള്‍ക്കു സമാനമാണ്. മുപ്പതുവര്‍ഷത്തോളം പ്രായമായ വൃക്ഷങ്ങളില്‍ ഏപ്രില്‍-മേയ് മാസത്തോടെയാണു കോണുകളുണ്ടാകുന്നത്. ആണ്‍ പുഷ്പങ്ങള്‍ 1.5 സെ.മീ. നീളത്തിലുള്ള ചെറിയ കോണുകളായി ക്രമീകരിച്ചിരിക്കും. ഒറ്റയ്ക്കോ 2-5 വീതമുള്ള കൂട്ടങ്ങളായോ പെണ്‍കോണുകളുണ്ടാവുന്നു. അണ്ഡാകാരവും തവിട്ടുനിറവും, 10-12 സെ.മീ. നീളവുമുള്ള പെണ്‍ കോണുകള്‍ കട്ടികൂടിയതായിരിക്കും. കോണുകളുണ്ടായി ബീജാണുക്കള്‍ പൂര്‍ണ വളര്‍ച്ചയെത്തി ഏതാണ്ട് രണ്ടുവര്‍ഷം കഴിഞ്ഞശേഷം മാത്രമേ ബീജസങ്കലനം നടക്കാറുള്ളൂ. ഒരു കോണില്‍ ഏകദേശം 50 വിത്തുകളുണ്ടായിരിക്കും. 7.5-13 മി.മീ. നീളവും 5-6.5 മി.മീ. വ്യാസവുമുള്ള വിത്തുകള്‍ സുതാര്യമായ ചിറകുകളോടുകൂടിയതാണ്. കാറ്റുമൂലം വിത്തുവിതരണം നടത്താന്‍ ഈ ചിറകുകള്‍ ഏറെ സഹായകമാണ്. കോണുകള്‍ പക്വമാകാന്‍ ഏകദേശം മൂന്നുവര്‍ഷമെടുക്കും. പക്വമായ കോണുകള്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ പൊട്ടി വിത്തുകള്‍ പുറത്തുവരുന്നു.

സാധാരണഗതിയില്‍ ചിര്‍പൈനുകള്‍ വന്യമായി വളരാറാണുള്ളത്. കാട്ടുതീമൂലമോ മറ്റോ നശിച്ചു പോകുമ്പോള്‍ മാത്രമേ ഇവയെ നട്ടുവളര്‍ത്താറുള്ളൂ. ഇതിനായി ഏപ്രില്‍ മാസാവസാനത്തോടെ പാകമായ കോണുകള്‍ ശേഖരിച്ചു വെയിലില്‍ ഉണക്കുന്നു. ഉണങ്ങുമ്പോള്‍ കോണുകള്‍ പൊട്ടി വിത്തുകള്‍ പുറത്തുവരും. 90 ശതമാനം വിത്തുകളും ജീവനക്ഷമതയുള്ളതായിരിക്കും. വിത്തുകള്‍ തവാരണകളില്‍ പാകി മുളപ്പിക്കുന്നു. മുളച്ച് ഒന്നര രണ്ടുവര്‍ഷത്തിനുള്ളില്‍ വര്‍ഷകാലാരംഭത്തോടെ തൈകള്‍ പറിച്ചു നടന്നു.

ചിര്‍പൈനിന്റെ മരക്കറയില്‍ നിന്നു ടര്‍പെന്റയിനും ടാനിനും ലഭിക്കുന്നു. പെട്ടികള്‍, തീപ്പെട്ടി എന്നിവയുണ്ടാക്കാന്‍ ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍