This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്പനി

Scarlet fever

ചെമ്പനി ബാധിച്ച ശരീരം

ഒരു സാംക്രമിക രോഗം. സ്ട്രെപ്റ്റോകോകസ് ബാക്റ്റീരിയയാണ് രോഗഹേതു. തൊലിപ്പുറമേയുള്ള ചുവന്ന കുരുക്കള്‍ ആണ് ഈ രോഗത്തിന്റെ പ്രത്യേക ലക്ഷണം, അഞ്ചിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് ഈ രോഗംമൂലം ധാരാളം മരണം സംഭവിച്ചിരുന്നു. ഇന്ന് വളരെ പെട്ടെന്നു ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒരു രോഗമാണിത്. രോഗികളില്‍ നിന്നു നേരിട്ടോ അവര്‍ ഉപയോഗിച്ച ആഹാരം, വസ്ത്രം, മറ്റു വസ്തുക്കള്‍ എന്നിവയിലൂടെയോ രോഗം പകരാം, 2 മുതല്‍ 5 വരെ ദിവസം ഉദ്ഭവന കാല(incubation period)മാണ്. തുടര്‍ന്ന് വളരെപ്പെട്ടെന്നു രോഗം മൂര്‍ച്ഛിക്കുന്നു. രോഗാണുബാധ ആദ്യം ഉണ്ടാകുന്നതു തൊണ്ടയിലാണ്. തൊണ്ടവീക്കം, കുളിര്, പനി, ഛര്‍ദി, തലവേദന, ലസികാഗ്രന്ഥികളുടെ വീക്കം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് തൊണ്ടയുടെ ഉള്‍ഭാഗത്ത് ചുവന്ന നിറത്തിലുള്ള പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീടു നാക്കില്‍ മുഴുവന്‍ ചുവന്ന കുരുക്കള്‍ ഉണ്ടാകും (Strawberry tongue). 12 മുതല്‍ 36 വരെ മണിക്കൂറിനുള്ളില്‍ കഴുത്തിന്റെ ഇരുഭാഗത്തും ദേഹമാസകലവും ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. കൈകാലുകളുടെ പത്തിയിലും മുഖത്തും സാധാരണയായി കുരുക്കള്‍ ഉണ്ടാകാറില്ല. കുരുക്കള്‍ ഏകദേശം ഒരാഴ്ച നിലനില്ക്കും; പിന്നീട് തൊലി മുഴുവന്‍ ഇളകിപ്പോയി പുതിയ തൊലിവരുന്നു. അതിനാല്‍ ഈ രോഗത്തിന്റെ പാടുകള്‍ സ്ഥിരമായി അവശേഷിക്കില്ല.

ചെമ്പനി മറ്റു പല രോഗങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. കര്‍ണരോഗങ്ങള്‍, നെഫ്രൈറ്റീസ് (nephritis), സന്ധിവാതം (arthritis), രക്തവാതഹൃദയം (rheumatic heart) , ന്യുമോണിയ എന്നീ രോഗങ്ങള്‍ ഇതിനനുബന്ധമായി ഉണ്ടാകാനിടയുണ്ട്.

രോഗിക്ക് മൂന്നാഴ്ചയോളം പരിപൂര്‍ണവിശ്രമം ആവശ്യമാണ്. ഹൃദയത്തിനും വൃക്കകള്‍ക്കും ഒട്ടും ആയാസം ഉണ്ടാകാതെ ശ്രദ്ധിക്കണം, തൊലി ഇളകി തുടങ്ങുന്നതുവരെ ലഘുഭക്ഷണമാണ് അഭികാമ്യം.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍