This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൊഹാന്‍സെന്‍, വില്‍ഹെല്‍മ് ലുഡ്വിഗ് (1857 - 1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൊഹാന്‍സെന്‍, വില്‍ഹെല്‍മ് ലുഡ്വിഗ് (1857 - 1927)

Johannssen, Wilhelm Ludwig

ഡാനിഷ് ജനിതകശാസ്ത്രജ്ഞന്‍. ഡാനിഷ് ആര്‍മി ആഫീസറായ ഓട്ടോ ജൂലിയസ് ജോര്‍ജ് ജൊഹാന്‍സെന്നിന്റെയും അന്ന മാര്‍ഗരറ്റ് ഡൊറോത്തിയുടെയും പുത്രനായി 1857 ഫെ. 3-ന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ജനിച്ചു. കോപ്പന്‍ഹേഗനില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1872-ല്‍ ഫാര്‍മസിസ്റ്റാകാനുള്ള അപ്രന്റിസ് ആയി ചേര്‍ന്നു. ഇക്കാലത്ത് രസതന്ത്രത്തിലും സസ്യശാസ്ത്രത്തിലും അറിവുനേടി. 1879-ല്‍ ഫാര്‍മസിസ്റ്റു പരീക്ഷ പാസായശേഷം 1881-ല്‍ കാള്‍സ്ബര്‍ഗ് ലാബ്രറ്ററിയിലെ രസതന്ത്രവിഭാഗത്തില്‍ അസിസ്റ്റന്റായി. ജൈവപദാര്‍ഥങ്ങളിലെ ഹൈഡ്രജന്റെ അളവു കണ്ടുപിടിക്കുന്ന ഉപകരണത്തിനു ജന്മം നല്കിയ ജൊഹാന്‍ ജെല്‍ഡാലി (Johan Kjeldal)ന്റെ അസിസ്റ്റന്റായി ചേര്‍ന്ന ജൊഹാന്‍സെന് സ്വതന്ത്രമായി ഗവേഷണം നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അവിടെ ലഭിച്ചു. സസ്യങ്ങളില്‍ ഫലങ്ങളുടെ പാകപ്പെടല്‍, സുപ്താവസ്ഥ, വിത്തുകളും കിഴങ്ങുകളും മുളയ്ക്കുമ്പോഴും മുകുളങ്ങള്‍ രൂപപ്പെടുമ്പോഴും പക്വതസമയത്തും ഉള്ള ഉപാപചയമാറ്റങ്ങള്‍ തുടങ്ങിയവയാണ് ഇദ്ദേഹം തന്റെ പ്രത്യേക പഠവിഷയമാക്കിയത്. ഇതേ സമയം വിവിധഭാഷകളും തത്ത്വശാസ്ത്രവും പഠിക്കാനും സമയം കണ്ടെത്തി. 1887-ല്‍ ഇവിടെ നിന്നു പിരിഞ്ഞ് ചെറിയൊരു സ്റ്റൈപ്പന്റു മാത്രം സ്വീകരിച്ച് ഗവേഷണം തുടര്‍ന്നു. ശീതകാലമുകുള(winter buds)ങ്ങളുടെ സുപ്താവസ്ഥയെ മാറ്റിയെടുക്കാനുള്ള ഒരു രീതി ഇദ്ദേഹം ആവിഷ്കരിച്ചു. സസ്യധര്‍മശരീരശാസ്ത്രത്തില്‍ ഗവേഷണം തുടര്‍ന്നു. കോപ്പന്‍ഹേഗനിലെ കാര്‍ഷിക കോളജില്‍ ലക്ചററായും (1892) പ്രൊഫസറായും (1905) ജോലി നോക്കി. സര്‍വകലാശാലാ വിദ്യാഭ്യാസം പോലും ഇല്ലാതിരുന്ന ജൊഹാന്‍സെന്‍ 1917-ല്‍ കാര്‍ഷിക സര്‍വകലാശാലയുടെ റെക്ടര്‍ ആയി നിയമിതനായി. ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങള്‍ക്ക് ഒട്ടേറെ അവാര്‍ഡുകളും ബഹുമതി ബിരുദങ്ങളും ലഭിക്കുകയുണ്ടായി.

1900-15 കാലഘട്ടങ്ങളിലെ ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങള്‍ ജനിതക പഠനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. സസ്യങ്ങളുടെ സാധാരണ സ്വഭാവങ്ങളായ വലുപ്പം, ഉത്പാദനക്ഷമത, വളരുന്ന സാഹചര്യങ്ങളോട് അവയുടെ പ്രതികരണം എന്നിവയ്ക്ക് പാരമ്പര്യത്തിനുള്ള പ്രാധാന്യത്തെ ഇദ്ദേഹം എടുത്തുപറയുകയുണ്ടായി. ജനസംഖ്യാ ജനിതകത്തിന്റെയും 'പ്യുവര്‍ലൈന്‍' സിദ്ധാന്തത്തിന്റെയും ഉപജ്ഞാതാവാണ് ഇദ്ദേഹം. ജീനുകളാണ് പാരമ്പര്യത്തിന്റെ മാത്രകളെന്ന് ഇദ്ദേഹം കണ്ടെത്തി. പാരമ്പര്യത്തിന്റെ അടിസ്ഥാനഘടകം ക്രോമസോമുകളുടെയും, കൃത്യമായി പറഞ്ഞാല്‍ നൂക്ലിയിക് അമ്ലങ്ങളുടെയും ഘടനയെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു ജീനരൂപം (genotype) വ്യത്യസ്ത പരിതസ്ഥിതികളില്‍ പരസ്പര സങ്കരണത്തില്‍ ഏര്‍പ്പെടുമ്പോള്‍ പ്രകടരൂപത്തില്‍ (phenotype) വ്യത്യാസം സംഭവിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള പ്രകടരൂപങ്ങളുടെ ആകെത്തുകയാണ് ആ ജനിതകരൂപത്തിന്റെ പ്രതിക്രിയാമാനം. വ്യത്യസ്ത പരിതസ്ഥിതികള്‍ അനന്തമായതിനാല്‍ ഒരു ജീവിയുടെയും പ്രതിക്രിയാമാനം മുഴുവനും മനസ്സിലാക്കാന്‍ സാധ്യമല്ല. ഓരോ ജീവിയും അതിന്റെ ജീവിതകാലം മുഴുവനും പരിതസ്ഥിതിയുമായി പ്രതിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രതിപ്രവര്‍ത്തനമാണ് ആ ജീവി എന്തായിത്തീരണമെന്നുള്ളത് നിര്‍ണയിക്കുന്നത്. ഇവയെ സംബന്ധിച്ചു വ്യക്തമായ പരിചിന്തനം സാധ്യമാകണമെങ്കില്‍ ജീവികളുടെ ജീനരൂപവും പ്രകടരൂപവും തിരിച്ചറിയണമെന്ന് 1911-ല്‍ ഇദ്ദേഹം കണ്ടെത്തി. ജൊഹാന്‍സെന്റെ കണ്ടുപിടിത്തങ്ങളാണു പാരമ്പര്യത്തെയും പരിണാമത്തെയും കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്കു വഴിതെളിയിച്ചത്. ഗാള്‍ട്ടന്റെ (Galton) പരീക്ഷണവസ്തുവായ സ്വപരാഗണം നടത്തുന്ന പയറിനെ തന്നെയാണ് ജൊഹാന്‍സെനും തന്റെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചത്. അനേകം പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പടാത്ത ലേഖനങ്ങള്‍ കോപ്പന്‍ഹേഗനിലെ ആര്‍ക്കേവ്സിലും ഫിലഡെല്‍ഫിയയിലെ അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി ഗ്രന്ഥശാലയിലും സൂക്ഷിച്ചിട്ടുണ്ട്. ജനിതകശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ജൊഹാന്‍സെന്‍ 1927 ന. 11-ന് കോപ്പന്‍ഹേഗനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍