This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെക്സാസ് കാലിദീനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെക്സാസ് കാലിദീനം

Texas fever

കന്നുകാലികളില്‍ കണ്ടുവരുന്ന ഒരു പ്രോട്ടോസോവന്‍ രോഗം. പതിനെട്ടാം ശ. -ത്തിന്റെ അന്ത്യഘട്ടത്തില്‍ പെന്‍സില്‍വാനിയയിലും പത്തൊന്‍പതാം ശ. -ത്തിന്റെ ആദ്യഘട്ടത്തില്‍ ടെക്സാസിലും കന്നുകാലികളെ ഈ രോഗം ബാധിക്കുകയുണ്ടായി. രോഗം ബാധിച്ച കന്നുകാലികളെ ടെക്സാസില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയച്ചത് വളരെ വേഗത്തില്‍ ഈ രോഗം മറ്റു രാജ്യങ്ങളിലും വ്യാപിക്കാനിടയാക്കി. ഇക്കാരണത്താല്‍ യു.എസ്സില്‍ നിന്ന് കന്നുകാലികളെ കയറ്റി അയയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി.

ശക്തമായ പനി (106°F വരെ) വിളര്‍ച്ച, വിശപ്പില്ലായ്മ, ദഹനക്കേട്, കണ്ണുകള്‍ക്കും ചുണ്ടുകള്‍ക്കും നിറം മാറ്റം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. 1879-ല്‍ ഡാനിയേല്‍ സാല്‍മോണ്‍ (Daniel Salmon) എന്ന ശാസ്ത്രകാരനാണ് ടെക്സാസ് പനിയുടെ കാരണം കണ്ടെത്തിയത്.

മൃഗഡോക്ടറായ എഫ്.എല്‍. കില്‍ബോണ്‍ (F.L.Kilbourne) അമേരിക്കന്‍ ഡോക്ടറായ തിയോബാള്‍ഡ് സ്മിത്ത് (Theobold Smith) എന്നിവര്‍ ഒരുമിച്ചു നടത്തിയ ഗവേഷണങ്ങള്‍ രക്തത്തില്‍ കാണപ്പെടുന്ന ബേബീസിയ എന്ന സൂക്ഷ്മപരാദ ജീവിയാണ് ടെക്സാസ് രോഗത്തിനു കാരണമെന്നു കണ്ടുപിടിച്ചു. ചെള്ളുകളാണ് രോഗം പരത്തുന്നതെന്നും ഇവര്‍ കണ്ടെത്തി.

അമേരിക്കന്‍ മൃഗഡോക്ടറായ കൂപ്പര്‍ കാര്‍ട്ടിസിന്റെ (Cooper Curtice) പരീക്ഷണങ്ങളില്‍ കൊതുകുകള്‍ മനുഷ്യരിലേക്കും ഈ രോഗത്തെ വ്യാപിപ്പിക്കുമെന്നു കണ്ടെത്തുകയുണ്ടായി.

കന്നുകാലികളില്‍ ടെക്സാസ് രോഗത്തിനു നിദാനം ബേബീസിയ ബൈജെമിന എന്ന സ്പീഷീസാണ്. ബേബീസിയയുടെ മറ്റു ചില സ്പീഷീസ് കുതിര, കഴുത, നായ്, പന്നി തുടങ്ങിയവയില്‍ ഈ രോഗം വരുത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

നോ: ചെന്നിര (ചുവപ്പു ദീനം) (ഡോ. കെ. രാധകൃഷ്ണന്‍., സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍