This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിടൈപ്പ്സെറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെലിടൈപ്പ്സെറ്റര്‍

Teletypesetter

ടൈപ്പ്സെറ്റിങ് യന്ത്രങ്ങളെ പ്രവര്‍ത്തിപ്പിക്കാനുപയോഗിക്കുന്ന ഒരു വിദ്യുത്യാന്ത്രിക സംവിധാനം. ടൈപ്പ്റൈറ്ററിനു സുദൃശമായ ഒരുപകരണമായ പേപ്പര്‍ പെര്‍ഫൊറേറ്റര്‍ വഴി, ടൈപ്പ്സെറ്ററിലെ കടലാസ് ടേപ്പില്‍ കോഡ് ഭാഷയില്‍ സുഷിരങ്ങളിടാന്‍ കഴിയും. ഒരു ലൈന്‍കാസ്റ്റിങ് യന്ത്രത്തിലെ കീബോര്‍ഡുമായി ഘടിപ്പിച്ചിട്ടുള്ള പേപ്പര്‍ റീഡര്‍ ഉപയോഗിച്ച് സുഷിരങ്ങളെ ഡീകോഡും ചെയ്യുന്നു. സ്വചാലിത രീതിയില്‍ ഗാലിപ്രിന്റ് ഉണ്ടാക്കാനും ടെലിടൈപ്പ്സെറ്റര്‍ ഉപയോഗിക്കുന്നു.

1926-ല്‍ ന്യൂ ജേഴ്സിയിലെ പശ്ചിമ ഓറഞ്ചിലെ പ്രിന്ററായ വാള്‍ട്ടര്‍ ഡബ്ളിയു. മൊറെയാണ് ടെലിടൈപ്പ്സെറ്റര്‍ സംവിധാനം രൂപപ്പെടുത്താനുള്ള സംരംഭത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പത്രപ്രസാധകരായ ഫ്രാങ്ക് ഗനെറ്റ്കാരുടെ സാമ്പത്തിക പിന്‍ബലത്തോടെ 1927-ല്‍ ടെലിടൈപ്പ്സെറ്റര്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടു. 1930- തുകളുടെ തുടക്കത്തില്‍ സ്റ്റെര്‍ലിങ് മോര്‍ട്ടണ്‍, ഹൊവാര്‍ഡ് ക്രും, എഡ്വേഡ് ക്ളെയിന്‍ ഷ്മിഡ്റ്റ് എന്നിവര്‍ ചേര്‍ന്ന് ഇതിന്റെ പരിഷ്കൃത പതിപ്പ് നിര്‍മിച്ചു. ന്യൂസ് പത്രത്തിന്റെ ന്യുയോര്‍ക്കിലെ ന്യൂബര്‍ഗ്, ബീക്കണ്‍ ഓഫീസുകളിലാണ് (1932) ടെലിടൈപ്പ്സെറ്റര്‍ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. പ്രവര്‍ത്തന സമയത്തിലും ജോലി ഭാരത്തിലും ധാരാളം ലാഭം സൃഷ്ടിക്കുന്ന ഈ സംവിധാനത്തെ ആദ്യകാലങ്ങളില്‍ തൊഴിലാളി സംഘടനകള്‍ എതിര്‍ത്തിരുന്നു. രണ്ടാം ലോക യുദ്ധവും ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രചാരത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു. പക്ഷേ, 1951-ല്‍ യുണൈറ്റഡ് പ്രസ്സും (പില്‍ക്കാലത്തെ യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷണല്‍) അസോസിയേറ്റഡ് പ്രസ്സും, പേപ്പര്‍ ടേപ്പില്‍ വാര്‍ത്തകള്‍ പ്രേഷണം ചെയ്തു തുടങ്ങിയതോടെ ടെലിടൈപ്പ്സെറ്ററിനു ഉപയോഗം വര്‍ധിച്ചു തുടങ്ങി. ക്രമേണ 1970-തുകളോടെ ലോകമെമ്പാടും ഇതു പ്രചാരത്തില്‍ വരുകയും ചെയ്തു.

പേപ്പര്‍ ടേപ്പില്‍ സുഷിരങ്ങളിടാനുള്ള പേപ്പര്‍ ടേപ്പ് പെര്‍ഫൊറേറ്റര്‍, പേപ്പര്‍ ടേപ്പ് റീഡര്‍, ഹോട്ട്-മെറ്റല്‍ ലൈന്‍കാസ്റ്റിങ് ഉപകരണം എന്നിവയാണിതിലെ ഭാഗങ്ങള്‍. പേപ്പര്‍ ടേപ്പിനെ ആറ് 'തലങ്ങള്‍' അഥവാ ഭാഗങ്ങളായി ചിട്ടപ്പെടുത്തുന്നു. കീബോര്‍ഡിലൂടെ ഓപ്പറേറ്റര്‍ ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളെ ടേപ്പിന്റെ നിശ്ചിത ഭാഗങ്ങളില്‍ കോഡു ഭാഷയില്‍ സുഷിരങ്ങളായി രേഖപ്പെടുത്തുന്നു. സുഷിരങ്ങളിടുന്നതോടൊപ്പം ഓരോ വരിയിലേയും എല്ലാ അക്ഷരങ്ങളുടെയും മൊത്തം എണ്ണം കണക്കാക്കാനുള്ള ഒരു കൗണ്ടര്‍ കൂടി ഇതിലുണ്ട്. ഒരു വരിയിലെ അക്ഷരങ്ങള്‍ ക്രമപ്പെടുത്തിയശേഷം വരികളുടെ മാര്‍ജിന്‍ ക്രമീകരിക്കാം. വരിയുടെ മൊത്തം നീളം (line width) നിശ്ചയിക്കുക മുതലായവ ചെയ്യുന്നത് ഓപ്പറേറ്ററാണ്. ഓപ്പറേറ്റര്‍ 'റിട്ടേണ്‍ കീ' അമര്‍ത്തി അതിന്റേതായ കോഡു നല്‍കുന്നതോടെ മാത്രമേ ഒരു വരി പൂര്‍ത്തിയായതായി സിസ്റ്റം കരുതാറുള്ളു. ഇങ്ങനെ സുഷിരങ്ങളിട്ട് തയ്യാറാക്കിയ പേപ്പര്‍ ടേപ്പിനെ ലൈന്‍കാസ്റ്റിങ് യന്ത്രത്തിലുള്ള ടൈപ്പ്സെറ്റര്‍ ഓപ്പറേറ്റിങ് യൂണിറ്റിലൂടെ കടത്തിവിടുമ്പോള്‍ അതിലെ യാന്ത്രിക ലിവര്‍ കോഡിനനുസൃതമായി ലൈന്‍കാസ്റ്ററിലെ ലിവറുകളെ ചലിപ്പിച്ച് വരികള്‍ അച്ചടിക്കുന്നു.

ടെലിഫോണ്‍ ലൈനുകളിലൂടെ പത്രലേഖകര്‍ക്ക്, വാര്‍ത്തകള്‍ തങ്ങളുടെ പത്രങ്ങളുടെ ന്യൂസ് റൂമിലെ ടെലിടൈപ്പ്സെറ്റ് റിസീവറിലെത്തിക്കാനാകും. ഇവര്‍ക്ക് എവിടെ നിന്നും വാര്‍ത്തകള്‍ കൈമാറാനുമാകുന്നു. കംപോസ് ചെയ്ത കാര്യങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യാനും ഈ രീതി സ്വീകരിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി യാന്ത്രികമായതിനാല്‍ മിനിട്ടില്‍ 8-15 വരികള്‍ വരെ തയ്യാറാക്കാന്‍ കഴിയുന്നു. ഇതിലെ പെര്‍ഫൊറേറ്ററുടെ വേഗത മിനിറ്റില്‍ 900 കീസ്ട്രോക്കുകള്‍ വരെയാണ്.

ലോകത്തിലെ മിക്ക വാര്‍ത്താ മാധ്യമങ്ങളും അവലംബിച്ചിരുന്ന ഈ സംവിധാനത്തിന് 1970-തുകളില്‍ കംപ്യൂട്ടര്‍ കംപോസിങ് നിലവില്‍ വന്നതോടെ പ്രചാരം കുറഞ്ഞു തുടങ്ങി. ക്രമേണ ലൈന്‍കാസ്റ്ററിനു പകരം മിനിറ്റില്‍ 400-ലേറെ വരികള്‍ തയ്യാറാക്കാന്‍ ശേഷിയുള്ള കംപ്യൂട്ടര്‍ സംഗ്രഥിത ഫോട്ടോകൊംപോസിഷന്‍ ഉപകരണങ്ങളും പ്രത്യക്ഷപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍