This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സ്

തിരുവനന്തപുരം നഗരത്തില്‍ ചാക്കയില്‍ സ്ഥിതിചെയ്യുന്ന റബ്ബര്‍ വ്യവസായ ശാല. ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ വ്യവസായ ശാല എന്ന ഖ്യാതി ഇതിനുണ്ട്. വിവിധ റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ വ്യവസായികള്‍ക്ക് ബോധ്യപ്പെടുത്തി ക്കൊടുക്കുന്നതിനുള്ള ഒരു പരീക്ഷണ ഘടകമെന്ന നിലയില്‍ 1935 ആഗ. മാസത്തിലാണ് ഈ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്. സാധാരണ തോതിലുള്ള ഉത്പാദനം തുടങ്ങിയത് 1964 ഫെ. -യിലും. 1949 ഒ. -ല്‍ ഇത് ഗവണ്‍മെന്റുടമസ്ഥതയിലായി. അന്ന് ഇന്ത്യയിലെ ഒന്നാംകിട റബ്ബര്‍ വ്യവസായശാലയായി വളരുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഈ യൂണിറ്റിനുണ്ടായിരുന്നുവെങ്കിലും സൈക്കിള്‍ ടയര്‍, ട്യൂബ് തുടങ്ങിയ നാലഞ്ചുതരം റബ്ബര്‍ സാമഗ്രികള്‍ മാത്രമേ ഇവിടെ ഉത്പാദിപ്പിച്ചിരുന്നുള്ളൂ. കഴിഞ്ഞ ആറു ദശകങ്ങള്‍ക്കിടയില്‍ റബ്ബര്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ ദേശീയ തലത്തില്‍ വിപുലമായ തോതില്‍ വളരുകയും റബ്ബറിന്റെ ഉത്പാദനം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. റബ്ബര്‍ ഉത്പാദനം ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം കേരളമാണെങ്കിലും 90 ശ.മാ. -ത്തിലധികം റബ്ബര്‍ വ്യവസായശാലകളും കേരളത്തിനു വെളിയിലാണ് സ്ഥിതിചെയ്യുന്നത്.

ആരംഭ ദശയില്‍ സൈക്കിള്‍ ടയറുകള്‍, ട്യൂബുകള്‍, കുഷന്‍ മോള്‍ഡുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഒരു റബ്ബര്‍ യൂണിറ്റ്, ഒരു സൈക്കിള്‍ റിം യൂണിറ്റ്, ഒരു സൈക്കിള്‍ അസംബ്ലിംഗ് യൂണിറ്റ് എന്നീ മൂന്നു ഘടകങ്ങളാണ് ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സിനുണ്ടായിരുന്നത്. സൈക്കിള്‍ ടയറുകളും ട്യൂബുകളും നിര്‍മിക്കാനുള്ള കമ്പനിയുടെ ശേഷി വികസിപ്പിക്കാനായി ചെക്കോസ്ലോവാക്യയില്‍നിന്നും വാങ്ങിയ യന്ത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇന്ത്യയില്‍ പൊതു ഉടമയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരേയൊരു റിം ഫാക്ടറിയായ ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സില്‍ സൈക്കിള്‍ റിം ഉത്പാദനമാരംഭിച്ചത് 1959-ലാണ്. ഈ റിം ഫാക്ടറിക്ക് കുറേനാള്‍ റബ്ബര്‍ വര്‍ക്സില്‍നിന്നും വേര്‍പെട്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടിവന്നു. ഗവണ്‍മെന്റിന്റെ വ്യവസായ സ്ഥാപനങ്ങളുടെ പുനഃസംഘടനാ പദ്ധതി അനുസരിച്ച് വീണ്ടും ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സിന്റെ ഭാഗമായിത്തീര്‍ന്നതിനുശേഷം ഈ ഫാക്ടറി ഉത്പാദനം, വില്പന, ലാഭം എന്നീ രംഗങ്ങളില്‍ ഗണ്യമായ പുരോഗതി നേടുകയുണ്ടായി. ഈ സ്ഥാപനത്തെ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്തത് 1963 ന. 1-നാണ്.

1963-ല്‍ സംസ്ഥാന ഗവണ്‍മെന്റ് എടുത്ത തീരുമാനത്തെ തുടര്‍ന്ന് 1964-ല്‍ മറ്റ് അഞ്ചു വ്യവസായശാലകളോടൊപ്പം ഗവണ്‍മെന്റിന്റെ മുഴുവന്‍ ഷെയറുള്ള ജോയിന്റ് സ്റ്റോക്ക് കമ്പനിയായി ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സിനെയും മാറ്റി. 1973-ല്‍ സംസ്ഥാന ഗവണ്‍മെന്റ്, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (KSIE) ലിമിറ്റഡ് എന്ന ഹോള്‍ഡിങ് കമ്പനി രൂപീകരിച്ചപ്പോള്‍ ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സ് ഉള്‍പ്പെടെ ഏഴു കമ്പനികളുടെ നിയന്ത്രണവും നടത്തിപ്പും ഹോള്‍ഡിങ് കമ്പനി ഏറ്റെടുത്തു. എന്നാല്‍ ഹോള്‍ഡിങ് കമ്പനിയുടെ കീഴിലായിട്ടും പല കമ്പനികളും നഷ്ടത്തില്‍ തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സിന്റെ മാനേജ്മെന്റ് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനു കൈമാറുകയുണ്ടായി. റബ്ബര്‍ വര്‍ക്സിലെ ഉത്പന്നങ്ങളുടെ ഒരു പ്രമുഖ ഉപഭോക്താവെന്ന നിലയിലാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഈ സ്ഥാപനം ഏറ്റെടുത്തത്. ഇപ്പോഴുള്ള അതിന്റെ പ്രവര്‍ത്തനങ്ങളില്‍ റി ട്രെഡിങ് സാമഗ്രികള്‍, ടയര്‍ ഫ്ളാപ്പുകള്‍, ട്യൂബുകള്‍, ലാറ്റക്സ് ഉത്പന്നങ്ങള്‍, റി ട്രെഡിങ് ടയറുകള്‍, റിമ്മുകള്‍, സൈക്കിള്‍ ബോഡി ബില്‍ഡിങ്, പാച്ച് വര്‍ക്സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

1999 മാര്‍ച്ചില്‍ ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സില്‍ ഇരുന്നൂറോളം തൊഴിലാളികള്‍ ഉള്‍പ്പെടെ 228 പേര്‍ പണിയെടുത്തിരുന്നു. 1998-99ല്‍ കമ്പനിയുടെ സഞ്ചിത നഷ്ടം 24 കോടി രൂപയായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കമ്പനിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്.

താളിന്റെ അനുബന്ധങ്ങള്‍