This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൂഫോ,ഫ്രാങ്കോയിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൂഫോ,ഫ്രാങ്കോയിസ്

Truffant,Francois

ഫ്രഞ്ച് ചലച്ചിത്രസംവിധായകന്‍. നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രസിദ്ധനാണ്. 1950 കളിലെ ഫ്രഞ്ച് ന്യൂവേവ് സിനിമയുടെ പ്രമുഖവക്താവ് ട്രൂഫോ ആയിരുന്നു. ചെറുപ്പകാലത്ത് സൈനികസേവനവും ജയില്‍വാസവും മറ്റുമായി കഴിഞ്ഞ ട്രൂഫോ ഒരു നിരൂപകനായിട്ടാണ് ചലച്ചിത്ര രംഗപ്രവേശം നടത്തിയത്. 1940-കളിലെ ഫ്രഞ്ച് മുഖ്യധാരാ സിനിമയുടെ രൂക്ഷവിമര്‍ശനം ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. പുതിയൊരു സിനിമാശൈലിക്കുവേണ്ടിയാണ് ട്രൂഫോ ശബ്ദമുയര്‍ത്തിയിരുന്നത്.

പ്രസിദ്ധ സംവിധായകനായ റോസെലിനിയുടെ സഹായിയായി കുറച്ചുകാലം പ്രവര്‍ത്തിച്ചശേഷം 1959-ല്‍ ദ് 400 ബ്ലോസ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ട്രൂഫോയുടെ കൗമാരകാലം പ്രതിഫലിപ്പിക്കുന്ന ഈ ചിത്രം നവതരംഗ സിനിമയുടെ പ്രഥമ സംരംഭമായി പരിഗണിക്കപ്പെട്ടു. 1960-ല്‍ സംവിധാനം പൂര്‍ത്തിയാക്കിയ ഷൂട്ട് ദ് പിയാനിസ്റ്റ് ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളുടെ ഒരു ഫ്രഞ്ച് പതിപ്പായിരുന്നു. തുടര്‍ന്ന് പുറത്തുവന്ന ജൂള്‍സ് എറ്റ് ജിമ് (1961) ലാപിന്‍ ഡൗസ് (1964) എന്നീ ചിത്രങ്ങള്‍ ട്രൂഫോയെ മുന്‍നിരക്കാരനാക്കി. അവഗണിക്കപ്പെട്ട പ്രേമം പ്രമേയമാക്കുന്ന മറ്റൊരു ചിത്രമാണ് ലൗ അറ്റ് ട്വന്റി (1962).

ഫാരന്‍ഹിറ്റ് 451 (1966), ദ് ബ്രൈഡ് വോര്‍ ബ്ലാക്ക് (1967), സ്റ്റോളന്‍ കിസ്സസ് (1968), ബെഡ് ആന്റ് ബോഡ് (1970), ലൗ ഓണ്‍ ദ് റണ്‍ (1979) എന്നിവയാണ് തുടര്‍ന്നുവന്ന ശ്രദ്ധേയ ചിത്രങ്ങള്‍. ഹിച്ച്കോക്കില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ് ബ്രൈഡ് വോര്‍ ബ്ലാക്ക്. വനവാസിയായ ഒരു ബാലനെ പരിഷ്കാരിയാക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്റെ കഥയാണ് എല്‍ എന്‍ഫാന്റ് സാവേജ്. ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞന്റെ വേഷമണിഞ്ഞത് ട്രൂഫോ തന്നെയായിരുന്നു.

1973-ല്‍ സംവിധാനം ചെയ്ത ഡേ ഓര്‍ നൈറ്റ് എന്ന ചിത്രത്തിന് ഏറ്റവും നല്ല വിദേശചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു. വിക്ടര്‍ യുഗോയുടെ കഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ദ് സ്റ്റോറി ഒഫ് അഡിലി (1975) നാസി ആക്രമണത്തെ സംബന്ധിച്ച ദ് ലാസ്റ്റ് മെട്രോ (1980) എന്നിവ അവസാനകാലചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. സ്പീല്‍ ബെര്‍ഗിന്റെ ചിത്രമായ ക്ലോസ് എന്‍കൗണ്ടേഴ്സ് ഒഫ് ദ് തേഡ് കൈന്റില്‍ ട്രൂഫോ അഭിനയിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍