This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈട്യൂബര്‍ക്കുലേറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൈട്യൂബര്‍ക്കുലേറ്റ

Trituberculata

വിലുപ്തസസ്തനികള്‍ ഉള്‍പ്പെടുന്ന ഗണം. മീസോസോയിക് കാലഘട്ടത്തിലാണ് ട്രൈട്യൂബര്‍ക്കുലേറ്റ ഗണത്തില്‍പ്പെട്ട ആംഫിത്തീരിയം (Amphitherium), പെരാമസ് (Peramus), ആംബ്ലോത്തീരിയം (Amblotherium), സ്റ്റൈലാക്കോഡോണ്‍ (Stylacodon), ഡ്രയോലെസ്സ്റ്റെസ് (Dryolestes) എന്നീ ജീനസ്സുകള്‍ ജീവിച്ചിരുന്നത്. ഇന്‍സെക്ടിവോറ പ്രിമിറ്റീവ (Insectivora Primitiva) എന്നും ട്രൈട്യൂബര്‍ക്കുലേറ്റ അറിയപ്പെടുന്നു.

ഓക്സ്ഫോര്‍ഡിനടുത്തുള്ള സ്റ്റോണ്‍സ് ഫീല്‍ഡ് സ്ലേറ്റില്‍ നിന്നു ലഭിച്ച ജീവാശ്മങ്ങളിലെ താടിയെല്ലുകള്‍ ട്രൈട്യൂബര്‍ക്കുലേറ്റയിലെ അംഗങ്ങളുടെ അവശിഷ്ടങ്ങളായിരുന്നുവെന്ന് ബക് ലാന്‍ഡി (Buckland) ന്റേയും കുവിയറിന്റേ (Cuvier) യും പ്രശസ്തരായ ഏതാനും പ്രകൃതി ശാസ്ത്രജ്ഞരുടേയും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പിന്നീട് ഗുഡ്റിച്ച് (Goodrich) എന്ന ശാസ്ത്രകാരന്‍ ഇത്തരം ജീവാശ്മങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാറകളില്‍ നടത്തിയ വിശദപഠനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ട്രൈട്യൂബര്‍ക്കുലേറ്റ ഗണത്തില്‍പ്പെട്ട ആംഫിത്തീരിയം പ്രിവോസ്റ്റിയൈ എലിയുടെ വലുപ്പമുള്ള ജന്തുവായിരുന്നു. 1814-ല്‍ ഡീന്‍ ബക് ലന്‍ഡ് എന്ന ശാസ്ത്രകാരന് ഇതിന്റെ താടിയെല്ല് ലഭിച്ചുവെങ്കിലും ആറുവര്‍ഷത്തിനുശേഷമാണ് അത് വിവരിക്കപ്പെട്ടത്. ബക് ലന്‍ഡ് ഈ താടിയെല്ല് ഒപ്പോസത്തിന്റേത് ആയിരിക്കാമെന്ന് അഭിപ്രായപ്പെട്ടു; കുവിയര്‍ ഈ അഭിപ്രായത്തെ സ്ഥിരീകരിക്കുകയും ചെയ്തു. താടിയെല്ലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളത്തില്‍ ഒരു പൊഴി (groove) കാണപ്പെട്ടിരുന്നു. ഒന്നിലധികം ഘടകങ്ങള്‍ ചേര്‍ന്നാണ് ഈ താടിയെല്ല് രൂപപ്പെട്ടിട്ടുള്ളത് എന്നതിന് തെളിവാണ് ഈ പൊഴി എന്ന് ദെ ബ്ലെയിന്‍വില്‍ (De Blainville) എന്ന ശാസ്ത്രകാരന്‍ അഭിപ്രായപ്പെടുകയും ഇത് ഒരു ഇഴജന്തുവിന്റെ താടിയെല്ല് ആകാനാണു സാധ്യത എന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്തു. ഈ താടിയെല്ലില്‍ കാണപ്പെട്ട ദന്തസൂത്രം (Dental formula) മാര്‍സൂപിയലുകളുടേതിനോടു സാദൃശ്യമുള്ളതായിരുന്നു. ഇവയില്‍ ആകെ നാല് ഉളിപ്പല്ലുകള്‍, ഒരു കോമ്പല്ല്, അഞ്ച് അഗ്രചര്‍വണകങ്ങള്‍ ആറ് ചര്‍വണകങ്ങള്‍ എന്നിവ ഉള്‍പ്പെട്ട 64 ദന്തങ്ങളാണ് കാണപ്പെട്ടിരുന്നത്. ഇന്നത്തെ മാര്‍സൂപിയലുകളില്‍ കാണപ്പെടുന്നതിനേക്കാള്‍ അധികസംഖ്യയിലുള്ള ദന്തവിന്യാസമാണിത്. അതോടൊപ്പം ഇത് ട്രൈട്യൂബര്‍ക്കുലാര്‍ മാതൃകയില്‍ നിന്നും ഒരുപടിമുന്നിലായിരുന്നുതാനും. ഇന്നു ജീവിച്ചിരിക്കുന്ന മിര്‍മിക്കോബിയസു (Myrmecobius) കളോടാണ് ഇവയ്ക്ക് ഏറെ സാദൃശ്യമുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍