This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥനാര്‍ഡ്, ലൂയി ഴാക് (1777 - 1857)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഥനാര്‍ഡ്, ലൂയി ഴാക് (1777 - 1857)

Thenard,Louis Jacques

ഫ്രഞ്ച് രസതന്ത്രജ്ഞന്‍. ഹൈഡ്രജന്‍ പെറോക്സൈഡിന്റെ കണ്ടുപിടിത്തമാണ് ഥനാര്‍ഡിന്റെ ഏറ്റവും മികച്ച സംഭാവന. ഫ്രാന്‍സിലെ ലൂപ്ടയറില്‍ 1777 മേയ് 4-ന് ജനിച്ചു.
ലൂയി ഴാക് ഥനാര്‍ഡ്
ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം ഒരു രസതന്ത്ര പരീക്ഷണശാലയില്‍ സഹായി ആയി ജോലിനോക്കി. അവിടെനിന്ന് രസതന്ത്രത്തില്‍ കൂടുതല്‍ വിദ്യാഭ്യാസം നേടിയ ഥനാര്‍ഡിന് 1798-ല്‍ എക്കോള്‍ പോളിടെക്നിക്കില്‍ ജോലി ലഭിച്ചു. 1810-ല്‍ പ്രൊഫസ്സറായി സ്ഥിരനിയമനം നേടി. കോളജ് ഡി ഫ്രാന്‍സിലും പാരിസ് ഫാക്കല്‍റ്റി ഒഫ് സയന്‍സിലും രസതന്ത്രവിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഥനാര്‍ഡിന്റെ പ്രധാനപ്പെട്ട പല നേട്ടങ്ങളും ജെ.എന്‍. ഗേ ലുസാക്ക് എന്ന പ്രസിദ്ധ ശാസ്ത്രജ്ഞനുമായി ചേര്‍ന്നു നടത്തിയ ഗവേഷണങ്ങളുടെ ഫലമായിരുന്നു. പൊട്ടാസിയം ഉപയോഗിച്ച് ബോറിക് അമ്ലം നിരോക്സീകരിക്കുകവഴി ബോറോണ്‍ കണ്ടുപിടിച്ചത് ഇവര്‍ ഇരുവരും ചേര്‍ന്നാണ് (1808). 1811-ല്‍ കാര്‍ബണിക സംയുക്തങ്ങള്‍ക്ക് പൊതുവായ ഒരു വിശ്ലേഷണ പ്രക്രിയ-പൊട്ടാസിയം ക്ലോറേറ്റ് ഉപയോഗിച്ചുള്ള ഓക്സീകരണം-വികസിപ്പിച്ചെടുത്തതും ഇവരാണ്.

ഥനാര്‍ഡ് 1818-ല്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടുപിടിച്ചു. 'ഥനാര്‍ഡ് ബ്ളു' എന്ന ഒരു ചായവസ്തുവിന്റെ സംശ്ലേഷണമാണ് ഥനാര്‍ഡിന്റെ മറ്റൊരു പ്രധാന സംഭാവന. കോബാള്‍ട്ടിന്റെയും അലൂമിനിയത്തിന്റെയും സംയുക്തങ്ങള്‍ അടങ്ങുന്ന ഒരു മിശ്രിതം ചൂടാക്കിയാണ് നീലനിറത്തിലുള്ള ഈ ചായവസ്തു ഥനാര്‍ഡ് സംശ്ലേഷണം ചെയ്തത്.

വിദ്യാഭ്യാസ ഭരണതന്ത്രജ്ഞന്‍ എന്ന നിലയ്ക്കും നിപുണനായിരുന്ന ഥനാര്‍ഡ് 1845-ല്‍ യൂണിവേഴ്സിറ്റി ഒഫ് ഫ്രാന്‍സിന്റെ ചാന്‍സലര്‍ ആയി. ട്രീറ്റിസ് ഓണ്‍ കെമിസ്ട്രി (Traite de chemie) എന്ന രസതന്ത്ര പഠനഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1857 ജൂണ്‍ 21-ന് പാരിസില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍