This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥൂലിഭദ്ദകഥ (സ്ഥൂലിഭദ്രകഥ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഥൂലിഭദ്ദകഥ (സ്ഥൂലിഭദ്രകഥ)

അപഭ്രംശ കഥാകാവ്യം. സോമപ്രഭാചാര്യ (12-ാം ശ.) ആണ് രചിച്ചത്. ഇദ്ദേഹത്തിന്റെ കുമാരപാല പ്രതിബോധ എന്ന കൃതിയില്‍ ഈ കഥാകാവ്യം ഉള്‍ ക്കൊള്ളിച്ചിട്ടുണ്ട്. പാടലീപുത്രത്തിലെ നന്ദരാജാവിന്റെ മന്ത്രിയായിരുന്ന ശകടാരന്റെ പുത്രനായ സ്ഥൂലിഭദ്രന്‍ കൊട്ടാരഗണികയായിരുന്ന കോശയെ പ്രണയിച്ച കഥയാണ് ഇതിവൃത്തം. ഒരു ദിവസം അതിസുന്ദരനും യുവാവുമായ സ്ഥൂലിഭദ്രന്‍ അതിസുന്ദരിയും നിപുണയുമായ കോശയുടെ വസതിയിലെത്തുന്നു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്നുപോയ മന്ത്രികുമാരന്‍ 12 വര്‍ഷക്കാലം സുഖലോലുപനായി അവിടെ കഴിയുന്നു. ഇതിനിടയില്‍ ശകടാരന്‍ പെട്ടെന്ന് മരിക്കുന്നു. ശകടാരന്റെ ഇളയ പുത്രനായ ശ്രീപാകനെ മന്ത്രിയായി രാജാവ് അവരോധിക്കുന്നു. എന്നാല്‍ തന്റെ ജ്യേഷ്ഠന്റെ അനുമതിയില്ലാതെ ഈ സ്ഥാനത്തിരിക്കാന്‍ തയ്യാറല്ലെന്ന് ശ്രീപാകന്‍ രാജാവിനെ അറിയിക്കുകയും രാജാവ് സ്ഥൂലിഭദ്രനെ കണ്ടെത്തി അനുജന് മന്ത്രിയാകാന്‍ അനുവാദം നല്കുകയോ സ്വയം പരിണാമവിധേയനായി സ്ഥാനം സ്വീകരിക്കുകയോ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കോശയുടെ വസതിയില്‍നിന്നു പുറത്തുവന്ന സ്ഥൂലിഭദ്രന്‍ ഭൗതികസുഖങ്ങളെല്ലാം വെടിഞ്ഞ് സന്ന്യാസവൃത്തി സ്വീകരിക്കാന്‍ തയ്യാറാകുന്നു. തുടര്‍ന്ന് സന്ന്യാസം സ്വീകരിച്ച് ജൈനമതവിശ്വാസിയായി മാറിയ ഇദ്ദേഹത്തിന് സംഭൂതി വിജയാചാര്യനാണ് ദീക്ഷ നല്കിയത്. സ്ഥൂലിഭദ്രന്റെ ജൈനധര്‍മാചരണപരമായ ചരിതമാണ് ഈ കഥാകാവ്യത്തില്‍ തുടര്‍ന്നു വര്‍ണിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍