This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുര്‍ഖെയിം, എമില്‍ (1858 - 1917)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദുര്‍ഖെയിം, എമില്‍ (1858 - 1917)

Durkheim,Emile

ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞന്‍. ആധുനിക സാമൂഹികശാസ്ത്രത്തിന്റെ ഉപജ്ഞാതാവായിട്ടാണ് എമില്‍ ദുര്‍ഖെയിം അറിയപ്പെടുന്നത്. സാമൂഹികവിജ്ഞാനീയത്തെ രീതിശാസ്ത്രപരമായ അധിഷ്ഠാനത്തില്‍ ആധുനികവത്കരിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതാണ്. 1858-ല്‍ ഫ്രാന്‍സിലെ ഒരു ജൂത കുടുംബത്തില്‍ ജനിച്ചു. പാരിസിലെ പ്രശസ്തമായ ഇക്കോള്‍ നോര്‍മെലെ സുപ്പീരിയറില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന് നിയമ-തത്ത്വചിന്താധ്യാപകനായി. 1896-ല്‍ ഫ്രാന്‍സിലെ ബോര്‍ദിയോ സര്‍വകലാശാലയില്‍ ആദ്യത്തെ സാമൂഹികവിജ്ഞാനീയ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

ദുര്‍ഖെയിം, എമില്‍

സമൂഹത്തെ ഒരു വിഷയമെന്ന നിലയില്‍ അപഗ്രഥിക്കുന്നതിനുള്ള 'ശാസ്ത്രീയ രീതി' ആവിഷ്കരിച്ചു എന്നതാണ് ദുര്‍ഖെയിമിന്റെ മുഖ്യ സംഭാവനയായി അംഗീകരിക്കപ്പെടുന്നത്. സമൂഹത്തിന്റെ സ്ഥിരതയുടെയും കെട്ടുറപ്പിന്റെയും അടിസ്ഥാന ഘടകങ്ങള്‍ അപഗ്രഥിക്കുകയാണ് സാമൂഹികശാസ്ത്രത്തിന്റെ ധര്‍മമെന്ന് ദുര്‍ഖെയിം സിദ്ധാന്തിക്കുന്നു. ഇദ്ദേഹത്തിന്റെ ദ് ഡിവിഷന്‍ ഒഫ് ലേബര്‍ ഇന്‍ സൊസൈറ്റി (1893), എലിമെന്ററി ഫോംസ് ഒഫ് റിലീജിയസ് ലൈഫ് (1912), സൂയിസൈഡ്: എ സ്റ്റഡി ഇന്‍ സോഷ്യോളജി (1857), ദ് റൂള്‍സ് ഒഫ് സോഷ്യോളജിക്കല്‍ മെത്തേഡ് (1895) എന്നീ കൃതികള്‍ സാമൂഹികശാസ്ത്രത്തിലെ ക്ലാസ്സിക്കുകളാണ്.

സാമൂഹിക വസ്തുതകളെയും പ്രക്രിയകളെയും മനസ്സിലാക്കാനുള്ള ചിന്താപദ്ധതിയായിട്ടാണ് ദുര്‍ഖെയിം സാമൂഹികശാസ്ത്രത്തെ നിര്‍വചിക്കുന്നത്. സ്വതന്ത്രരായി ജനിക്കുന്ന മനുഷ്യര്‍ എങ്ങനെ ഒരു സമൂഹമായി ജീവിക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും അടിസ്ഥാന പ്രമേയം. സമൂഹത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് രണ്ട് വശങ്ങളുണ്ട്. ഡിവിഷന്‍ ഒഫ് ലേബര്‍ എന്ന കൃതിയില്‍ സമൂഹത്തിന്റെ രൂപവും ഘടനയും വിശദീകരിക്കുന്നു. റൂള്‍സ് ഒഫ് സോഷ്യോളജിക്കല്‍ മെത്തേഡ് എന്ന കൃതിയില്‍ രീതിശാസ്ത്രവും പരിപ്രേഷ്യവുമാണ് സിദ്ധാന്തീകരിക്കുന്നത്. സാമൂഹികബന്ധങ്ങളെക്കുറിച്ചുള്ള ഹെര്‍ബര്‍ട്ട് സ്പെന്‍സറുടെ വീക്ഷണങ്ങളെ നിരാകരിച്ച ദുര്‍ഖെയിം, എല്ലാത്തരം സാമൂഹിക സമ്പര്‍ക്കങ്ങള്‍ക്കും പശ്ചാത്തലമായി പ്രവര്‍ത്തിക്കുന്ന ഘടനയെയാണ് പ്രധാനമായി കാണുന്നത്. സാമൂഹിക സമ്പര്‍ക്കങ്ങളിലേര്‍പ്പെടുന്ന വ്യക്തികള്‍ തമ്മില്‍ രൂപംകൊള്ളുന്ന 'ജൈവ ഐക്യദാര്‍ഢ്യം' എന്നൊരു പരികല്പനയ്ക്ക് ദുര്‍ഖെയിം രൂപംനല്കി. സമൂഹത്തിലെ ഭിന്ന താത്പര്യങ്ങളെ സംയോജിപ്പിക്കുകയും സാമൂഹിക ക്രമത്തെ അതിന്റെ സാകല്യത്തില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത് ഈ ഐക്യദാര്‍ഢ്യമാണ്. ഓരോ സമൂഹത്തിനും ഒരു 'സാമൂഹിക മനസ്സാക്ഷി' ഉണ്ടെന്ന് ദുര്‍ഖെയിം സിദ്ധാന്തിക്കുന്നു. 'പൊതുവായി പങ്കുവയ്ക്കുന്ന വിശ്വാസങ്ങളുടെയും മനോഭാവങ്ങളുടെയും വ്യവസ്ഥ'യാണ് സാമൂഹിക മനസ്സാക്ഷി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

സാമൂഹിക സ്ഥിരതയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആത്മഹത്യാനിരക്കുകളില്‍ പ്രതിഫലിക്കുമെന്ന് ഇദ്ദേഹം തന്റെ സൂയിസൈഡ്: എ സ്റ്റഡി ഇന്‍ സോഷ്യോളജി എന്ന കൃതിയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആത്മഹത്യാനിരക്കുകള്‍ നിയന്ത്രിക്കുന്നതില്‍ സാമൂഹിക ഉദ്ഗ്രഥനവും നിയന്ത്രണവും പ്രധാന പങ്കു വഹിക്കുന്നു. സാമൂഹിക ഉദ്ഗ്രഥനത്തെ ധാര്‍മിക ബന്ധങ്ങളുമായും സാമൂഹിക നിയന്ത്രണത്തെ സാമ്പത്തിക ബന്ധങ്ങളുമായും ദുര്‍ഖെയിം ബന്ധിപ്പിക്കുന്നു. ഇവ രണ്ടിലുമുണ്ടാകുന്ന ആധിക്യവും ന്യൂനതയും ആത്മഹത്യാനിരക്ക് വര്‍ധിപ്പിക്കുമെന്ന് ഇദ്ദേഹം വിശദമാക്കുന്നു.

മതത്തെക്കുറിച്ചുള്ള ദുര്‍ഖെയിമിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. സമൂഹത്തെ മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന ഭൂമികയായിട്ടാണ് ഇദ്ദേഹം മതത്തെ കാണുന്നത്. ദുര്‍ഖെയിമിന്റെ വീക്ഷണമനുസരിച്ച് പ്രാചീന സമൂഹങ്ങളെയും ആധുനിക സമൂഹങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്നത് യാന്ത്രിക ഐക്യദാര്‍ഢ്യവും ജൈവ ഐക്യദാര്‍ഢ്യവും തമ്മിലുള്ള വ്യത്യാസമാണ്. ആധുനിക സമൂഹങ്ങളുടെ പ്രത്യേകതയാണ് ജൈവ ഐക്യദാര്‍ഢ്യം. അത് വ്യതിരിക്തതയിലും തൊഴില്‍വിഭജനത്തിലും അധിഷ്ഠിതമാണ്. സാമൂഹികബന്ധങ്ങള്‍, സാംസ്കാരികപ്രതീകങ്ങള്‍, പ്രയോഗങ്ങള്‍, സാമൂഹികമനോഭാവങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ എങ്ങനെ ആധുനിക സാമൂഹിക ജീവിതത്തെ നിര്‍ണയിക്കുന്നു എന്ന് ദുര്‍ഖെയിം അപഗ്രഥിക്കുന്നുണ്ട്. ആധുനിക ഭരണകൂടം, വ്യവസായ സമ്പദ്ഘടനകള്‍. സന്നദ്ധസംഘടനകള്‍, പൌരസമൂഹസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ദുര്‍ഖെയിം സൂക്ഷ്മമായ പഠനത്തിനു വിധേയമാക്കുന്നു.

1917 ന. 15-ന് ദുര്‍ഖെയിം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍