This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരസിംഹ മേത്ത (1408 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരസിംഹ മേത്ത (1408 - 80)

ഗുജറാത്തി മഹാകവി. ഗുജറാത്തിയിലെ പ്രഥമ കവിയല്ലായെങ്കിലും ഇദ്ദേഹത്തെയാണ് ഭാഷയുടെ പിതാവായി വാഴ്ത്തപ്പെടുന്നത്. കവിതയിലെ ഭക്തിപ്രകര്‍ഷത്തിലും ശില്പ ചാതുരിയിലും ഇദ്ദേഹം തലമുറകള്‍ക്ക് പ്രചോദനമായി.

സൗരാഷ്ട്രയിലുള്ള തലജയില്‍ 1408-നടുത്ത് മേത്ത ജനിച്ചു. അച്ഛന്‍ നേരത്തേ മരിച്ചു. ചെറുപ്പത്തില്‍ത്തന്നെ നരസിംഹ മനേകാബായിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു പുത്രനും പുത്രിയും ജനിച്ചു. ദാരിദ്ര്യം കാരണം കുടുംബം പുലര്‍ത്താനായില്ല. ജീവിതകാലം മുഴുവന്‍ ഇദ്ദേഹം നൈഷ്ഠിക ദൈവഭക്തനായിരുന്നു. ഭക്തിയെയും ജ്ഞാനത്തെയുംപറ്റി കവിതകളെഴുതി ആനന്ദമയമായ ഒരു അലൌകികതയിലും അദ്വൈത തത്ത്വശാസ്ത്രത്തിലും വിഹരിക്കുകയും അഭിരമിക്കുകയും ചെയ്തിരുന്നുവെങ്കിലും സ്ഥാപനവത്കരിക്കപ്പെട്ട ഒരു മതത്തോടും ആചാരങ്ങളോടും നരസിംഹയ്ക്കു വിധേയത്വമുണ്ടായിരുന്നില്ല. അയിത്താചാരത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്ന ഇദ്ദേഹം അധഃകൃതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതി. ജാതിബോധം കൊടികുത്തി വാണിരുന്ന നാഗര്‍ സമൂഹം നരസിംഹ മേത്തയെ ഒറ്റപ്പെടുത്തുകയും അസാന്മാര്‍ഗി എന്ന് മുദ്രകുത്തുകയും ചെയ്തു. 'വൈഷ്ണവ ജനതോ തേനെ രെ കഹിയേ' എന്ന ഗാനം പാടിയലഞ്ഞ ഇദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഗുജറാത്തിയില്‍ അനശ്വര സ്ഥാനം നേടി. ഭക്തിരസപ്രധാനമായ ആ കീര്‍ത്തനങ്ങളില്‍ നൈതിക തത്ത്വങ്ങളും അടങ്ങുന്നു.

ഹര്‍സമേനാങ് പാടോ (പൂമാല ഗീതങ്ങള്‍) പ്രഭാതീയാഗ് (പ്രഭാതഗീതങ്ങള്‍) വൈഷ്ണ ജനതേ തേനെ രെ കഹിയെ (അവനെ നമുക്ക് വൈഷ്ണവനെന്നു വിളിക്കാം) എന്നിവയാണ് നരസിംഹയുടെ മുഖ്യകൃതികള്‍. ആയിരത്തിയറുന്നൂറ് കവിതകളോളം ഇദ്ദേഹത്തിന്റേതായുണ്ട്. അവയില്‍ ആത്മകഥാപരമായ ആറെണ്ണം പ്രശസ്തമാണ്. അവ വിവാ (വിവാഹം) മാമെറണ്‍ (ഗര്‍ഭം) ഹുണ്ടി (ആദ്യപകര്‍പ്പ്) ഹാര്‍ (കണ്ഠാഭരണം) ജരി (കിണ്ടി) ഹരിജന്‍ (അധഃകൃതര്‍) എന്നിവയാണ്.

ഇദ്ദേഹം എഴുതിയ മൂന്ന് ആഖ്യാന കവിതകളാണ് കാതുരിയൊ, ദന്‍ ലീല, സുദാമാചരിത് എന്നിവ. ഭാവ പ്രധാനമാണെങ്കിലും ആഖ്യാനത്തില്‍ ഭക്തി തന്നെയാണ് മുന്തി നില്ക്കുന്നത്.

നരസിംഹ മേത്തയുടെ ഭാവപ്രധാനമായ കവിതകളെ രണ്ടായി തിരിക്കാം. രാധാകൃഷ്ണ പ്രേമത്തെ സമ്പൂര്‍ണ വിലോല ഭാവത്തില്‍ ചിത്രീകരിക്കുന്ന ശൃംഗാര കവിതയും ഗോപികമാരുടെ കണ്ണിലുണ്ണിയായ കൃഷ്ണന്റെ ശൈശവത്തിന്റെ സ്വച്ഛസൗന്ദര്യവും മാതൃവാത്സല്യത്തിന്റെ പാരമ്യവും ചിത്രീകരിക്കപ്പെടുന്ന ബാല വര്‍ണനകള്‍ അടങ്ങുന്ന കവിതയും എന്നിങ്ങനെ. പ്രാദേശിക ഭാഷയുടെ മികവും നൈസര്‍ഗിക ലാവണ്യവും പ്രയോഗ ചാതുര്യവും ഈ കവിതകളെ ഗുജറാത്തിയിലെ അനശ്വര സംഭാവനകളാക്കി മാറ്റിയിരിക്കുന്നു. അതുല്യമായ ജനപ്രീതി നേടിയ ഈ കവിതകള്‍ ഗുജറാത്തി മഹാകവികളായ മീര, ദയാറാം, നന്നലാല്‍ തുടങ്ങിയവര്‍ക്കും പ്രചോദനമായി.

ഭക്തി-ജ്ഞാന കവിതകളാണ് നരസിംഹയുടെ മുഖമുദ്ര. ഐക്യത്തിന്റെയും സത്യത്തിന്റെയും സാന്ദ്രധ്വനിയും അവയ്ക്കുണ്ട്. ശരിയായ ജ്ഞാനത്തിലേക്കുള്ള മാര്‍ഗം ഭക്തിയാണെന്ന് ഉദ്ഘോഷിക്കുന്ന കവിതകളാണ് അവ. 'വൈഷ്ണവ ജനതോ' എന്നു തുടങ്ങുന്ന കവിത ഗാന്ധിജിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. മറ്റുള്ളവരുടെ വേദന പങ്കിടുന്നവനാണ് യഥാര്‍ഥ വൈഷ്ണവന്‍ എന്ന് അദ്ദേഹം കരുതിയിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടോടെ ജൈന സന്ന്യാസിമാരുടേതായ കവിതകള്‍ ഗുജറാത്തിയില്‍ വെളിച്ചം കണ്ടിരുന്നുവെങ്കിലും നരസിംഹമേത്തയുടെ സംഭാവനകളോടെയാണ് ഗുജറാത്തി കവിത സ്വത്വാവിഷ്കാരം നേടിയത്.

മറാഠി കവിതയ്ക്കു ജ്ഞാനദേവ് അടിത്തറയിട്ടതുപോലെ ഗുജറാത്തി കവിതയ്ക്കു നരസിംഹമേത്തയും അമൂല്യ സംഭാവന നല്കി. ഇരുവരും തങ്ങളുടെ ഭാഷകള്‍ക്ക് ധാര്‍മിക ദീപ്തി നല്കി. മീരാ ബായിയുടെ സമകാലികനായിരുന്ന നരസിംഹയ്ക്കു ജയദേവന്റെ ഗീതഗോവിന്ദത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. നരസിംഹയ്ക്ക് മറാഠി ഭാഷയോടും പ്രത്യേക മമത ഉണ്ടായിരുന്നു. തന്റെ കൃതികളില്‍ ചില വാക്യങ്ങള്‍ മറാഠിയില്‍ത്തന്നെ എഴുതിയിരുന്നത് അതിന്റെ തെളിവാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍