This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരേശ് മേഹ്ത്ത (1922 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരേശ് മേഹ്ത്ത (1922 - 2000)

ജ്ഞാനപീഠ ജേതാവായ ഹിന്ദികവി. മധ്യപ്രദേശിലെ ഷാജാപൂര്‍ ഗ്രാമത്തില്‍ 1922 ഫെ. 15-ന് ജനിച്ചു. ഒന്നരവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അധ്യാപകനും കവിയുമായിരുന്ന ഇളയച്ഛന്‍ ശങ്കര്‍ലാല്‍ മേഹ്ത്തയാണ് നരേശിനെ വളര്‍ത്തിയത്. പ്രൈമറി വിദ്യാഭ്യാസം മാള്‍വയിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം നരസിംഹ് ഗഢിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിന് പഠിക്കാന്‍ ഉജ്ജയിനിയിലെത്തി. ഉന്നത വിദ്യാഭ്യാസം ബനാറസ്സിലായിരുന്നു. 1947-ല്‍ എം.എ. ബിരുദമെടുത്തു. 1949-ല്‍ പ്രയാഗ് ആകാശവാണിയില്‍ ജോലി ലഭിച്ചു. തുടക്കത്തില്‍ കമ്യൂണിസ്റ്റ് ആശയസംഹിതയോട് ആഭിമുഖ്യം കാട്ടിയ നരേശ് മേഹ്ത്ത പില്ക്കാലത്ത് ആര്‍ഷസാഹിത്യത്തിലും വൈദിക മൂല്യങ്ങളിലും ആകൃഷ്ടനായി. ഔദ്യോഗിക ജീവിതം വ്യക്തി സ്വാതന്ത്യ്രത്തിന് തടസ്സമാകുന്നുവെന്ന് മനസ്സിലാക്കി പില്ക്കാലത്ത് ഉദ്യോഗം രാജിവച്ച് മുഴുവന്‍സമയ എഴുത്തുകാരനായി. ശ്രീകാന്ത് വര്‍മയുമായി സഹകരിച്ച് കൃതി എന്ന സാഹിത്യ മാസിക ഇദ്ദേഹം എഡിറ്റു ചെയ്തു. ഇന്‍ഡോറില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ചൗഥാസന്‍സാര്‍ എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററായും നരേശ്മേഹ്ത്ത പ്രവര്‍ത്തിച്ചു. വിക്രം സര്‍വകലാശാലയില്‍ പ്രേംചന്ദ് ചെയറിന്റെ ഡയറക്ടറായും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.

സ്വാതന്ത്ര്യാനന്തര ഹിന്ദികവികളില്‍ പ്രമുഖനാണ് നരേശ്. വൈദിക സംസ്കാരത്തിന്റെയും സമകാലജീവിതത്തിന്റെയും സാഹചര്യങ്ങളില്‍നിന്ന് പ്രതീകങ്ങള്‍ സ്വീകരിച്ച കവിയാണ് ഇദ്ദേഹം. പുതിയ ഭാവ സംവേദനങ്ങള്‍ ഉള്‍ക്കൊണ്ട് പിറവിയെടുത്ത പ്രയോഗവാദത്തിന്റെയും നയീ കവിതയുടെയും പ്രമേയങ്ങളും പ്രവണതകളും യുവതലമുറയെ ആകര്‍ഷിച്ച കാലത്തായിരുന്നു നരേശിന്റെ അരങ്ങേറ്റം. താരസപ്തക സമാഹാരങ്ങളിലൂടെ പുതിയ കവികളെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്താന്‍ അജ്ഞേയ് തുടങ്ങിവച്ച സംരംഭങ്ങള്‍ക്ക് ഗുണഫലമുണ്ടായി. 1951-ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ താരസപ്തകത്തിലെ പുതുനാദത്തിന്റെ കവിയായി നരേശ് ശ്രദ്ധേയനായി. 'സമയദേവത' അതിന് ഇദ്ദേഹത്തെ പ്രാപ്തനാക്കി.

സ്വതന്ത്രകവിതകള്‍, നീണ്ട കവിതകള്‍, ഖണ്ഡകാവ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി മേഹ്ത്തയുടെ കവിതകളെ തരംതിരിക്കാം. ബനപാഖി സുനോ, ബോല്‍നേ ദോ ചീഡ് കോ, മേരാ സമര്‍പ്പിത് ഏകാന്ത്, അരണ്യ, തും മേരാ മൌന്‍ ഹോ, പിഛലേ ദിന്‍ നംഗേ പൈരോം, ദേഖ്നാ ഏക് ദിന്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കാവ്യങ്ങള്‍. 1957-ല്‍ പ്രസിദ്ധീകരിച്ച ബനപാഖി സുനോ ആണ് പ്രഥമകാവ്യസമാഹാരം. പ്രകൃതി സൌന്ദര്യത്തില്‍ ആകൃഷ്ടനായ കവിയുടെ മാനസികോന്മേഷമാണ് ഈ സമാഹാരത്തിലെ കവിതകളുടെ മുഖ്യ സവിശേഷത. യന്ത്രവത്കരണം ജീവിതത്തിന്റെ തരളവും സരളവുമായ സാഹചര്യങ്ങളെ താറുമാറാക്കുന്ന പ്രമേയമാണ് ഇതിന്റെ പുതുമ. ബോല്‍നേ ദോ ചീഡ് കോ എന്ന സമാഹാരത്തില്‍ ജീവിതത്തെ ജടിലമാക്കുന്ന സാഹചര്യങ്ങളിലേക്കു കവി വിരല്‍ചൂണ്ടുന്നു. ഏകാന്തതയുടെയും പ്രകൃതിരമണീയതയുടെയും ജീവിതാനുഭൂതികളുടെയും വൈവിധ്യപൂര്‍ണമായ ചിത്രങ്ങള്‍ മേരാസമര്‍പ്പിത് ഏകാന്തിലെ കവിതകള്‍ക്ക് കരുത്തും കാന്തിയും നല്കുന്നു. വേദോപനിഷത് കൃതികളില്‍ നിന്നാര്‍ജിച്ച സംസ്കാരസൗരഭ്യവും മാനവമംഗളചിന്തയും മേളിക്കുന്ന കവിതകളാണ് ഉത്സവത്തിലുള്ളത്. വൈയക്തിക വൈഷ്ണവബോധത്തിന്റെ കവിതകള്‍ എന്ന സൂചന നല്കുന്ന സമാഹാരമാണ് തും മേരാ മൌന്‍ ഹോ. ഗോപികാചിത്തത്തെ ഉന്മിഷത്താക്കുന്ന കവിതകളാണിതിലുള്ളത്. പ്രേമത്തിന്റെ ആര്‍ദ്രതയും ഔത്സുക്യവുമെല്ലാം ഇതിലെ കവിതകള്‍ക്ക് പുതുമയേകുന്നു.

സംശയ് കി ഏക് രാത് ഒരു മിത്ത് വികസിപ്പിച്ചെടുത്ത ഖണ്ഡകാവ്യമാണ്. രാവണനോട് യുദ്ധം ചെയ്യേണ്ടതിന്റെ തലേന്നാള്‍ രാത്രി രാമനിലുണ്ടാകുന്ന സംശയങ്ങളും ദശരഥന്റെയും ജടായുവിന്റെയും ആത്മാവ് രാമന്റെ സംശയങ്ങള്‍ക്ക് നിവാരണമുണ്ടാക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം. പുരാണങ്ങളില്‍നിന്ന് ചില സന്ദര്‍ഭങ്ങളെടുത്ത് അവയെ പുതിയ കാലഘട്ടത്തിന്റെ യുക്തിബോധത്തിനും നീതിബോധത്തിനും അനുരൂപമായി വിളക്കിയെടുത്ത് പുനരാഖ്യാനം നടത്തുന്ന കാര്യത്തില്‍ വളരെ മുന്നേറിയ കവിയാണ് നരേശ് മേഹ്ത്ത.

നരേശ് മേഹ്ത്തയുടെ കാവ്യയാത്ര വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പ്രകൃതിപ്രണാമത്തില്‍നിന്നായിരുന്നു അതിന്റെ തുടക്കം. സമകാലീന ജീവിത സങ്കീര്‍ണതകള്‍ പിന്നീട് അദ്ദേഹത്തിന്റെ കാവ്യകലയെ വികസ്വരമാക്കി. പുരാണജ്ഞാനം പുനരുത്ഥാനത്തിനല്ല പുനരാഖ്യാനത്തിനാണ് ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. യുദ്ധം, അധികാരദുര, ഉപഭോഗാസക്തി എന്നിവയൊക്കെ മേഹ്ത്താ കവിതകളില്‍ മിന്നലാട്ടം നടത്തുന്നു. സമിത മേഹ്ത്തയുടെ കവിതകളുടെ സമ്പൂര്‍ണ സമാഹാരമാണ്.

ഹിന്ദിയിലെ ഗദ്യശാഖയെ പരിപോഷിപ്പിക്കുന്നതിലും മേഹ്ത്തയുടെ സംഭാവനകള്‍ വിലപ്പെട്ടവയാണ്. ഡൂബ്തേ മസ്തൂല്‍, ദോ ഏകാന്ത്, നദി യശസ്വി ഹൈ, ഏക് ഥാഫാല്‍ഗുന്‍, എഹ് ഏക് ബന്ധു ഥാ, ധൂമകേതു ഏക് ശ്രുതി, ഉത്തരകഥ എന്നീ നോവലുകള്‍ ദുഃഖപൂര്‍ണമായ സ്ത്രീ അവസ്ഥയുടെയും മാനവികതയുടെയും മഹാഗാഥകളാണ്. ചെറുകഥ, ഉപന്യാസം, സാഹിത്യചിന്തകള്‍, നാടകം, യാത്രാവിവരണം എന്നിവയിലും നരേശ് മേഹ്ത്ത രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ജ്ഞാനപീഠപുരസ്കാര(1992)വുമാണ് നരേശ് മേഹ്ത്തയെ ഭാരതത്തിലെങ്ങും പ്രസിദ്ധനാക്കിയത്. 1972 മുതല്‍ 1991 വരെയുള്ള മൊത്തം സൃഷ്ടികളുടെ അടിസ്ഥാനത്തിലാണ് 1992-ല്‍ ഭാരതീയജ്ഞാനപീഠം അവാര്‍ഡ് മേഹ്ത്തയ്ക്കു ലഭിച്ചത്. 1988-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് അരണ്യയ്ക്കു ലഭിച്ചു. പ്രാചീന സംസ്കൃതിയുടെ അടിവേരുകളെ അവയുടെ ദാര്‍ശനികമായ കലാഭംഗിയോടുകൂടി അവതരിപ്പിക്കുന്ന കൃതിയാണ് അരണ്യ.

2000 ന. 23-ന് നരേശ് മേഹ്ത്ത അന്തരിച്ചു.

(ഡോ. ആര്‍സു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍