This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണപിള്ള, പി.കെ. (സാഹിത്യ പഞ്ചാനനന്‍) (1878 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണപിള്ള, പി.കെ. (സാഹിത്യ പഞ്ചാനനന്‍) (1878 - 1938)

ചിത്രം:P.K.Narayanapilla (sahithya panchanann.png

മലയാളസാഹിത്യ വിമര്‍ശകന്‍, കവി, ഗദ്യകാരന്‍, വാഗ്മി, വൈയാകരണന്‍, സമുദായപരിഷ്കര്‍ത്താവ്, നിയമജ്ഞന്‍, ഭാഷാഗവേഷകന്‍, പ്രസാധകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയന്‍. സാഹിത്യപഞ്ചാനനന്‍ എന്ന പേരിലറിയപ്പെടുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള കടമ്മാട്ടുവീട്ടില്‍ 1878(കൊ.വ. 1053 മീനം 9)ല്‍ ജനിച്ചു. പിതാവ് പോഴിച്ചേരി മഠത്തില്‍ ദാമോദരന്‍ പ്ളാപ്പള്ളി. മാതാവ് കടമ്മാട്ട് കുഞ്ഞുലക്ഷ്മിയമ്മ. അമ്പലപ്പുഴ ഹൈസ്കൂള്‍, ആലപ്പുഴ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തി. തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബി.എ. ബിരുദം നേടി. ഏ.ആര്‍. രാജരാജവര്‍മ, മുന്‍ഷി രാമക്കുറുപ്പ് തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ അധ്യാപകരായിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാല്‍ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയവയില്‍ ലേഖനങ്ങള്‍ എഴുതിയാണ് വിദ്യാഭ്യാസ ചെലവുകള്‍ നിര്‍വഹിച്ചത്. റെയില്‍വേ ഗുമസ്തന്‍, സ്കൂളധ്യാപകന്‍, കലാലയാധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് നിയമബിരുദമെടുത്ത് അഭിഭാഷകനായി. തിരുവിതാംകൂര്‍ നിയമസഭാംഗം, മദിരാശി സര്‍വകലാശാല സെനറ്റ് മെമ്പര്‍, ഹൈക്കോടതി ജഡ്ജി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച് 1934-ല്‍ വിരമിച്ചു. നായര്‍ സമുദായ പരിഷ്കരണ ശ്രമങ്ങള്‍ നടത്തുകയും അത് ലക്ഷ്യമാക്കിയുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി.കെ.യാണ്.

ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സര്‍വമിത്ര (ആലപ്പുഴ) ത്തില്‍ ലേഖനങ്ങളെഴുതിക്കൊണ്ടാണ് സാഹിത്യത്തിലേക്ക് കടന്നുവന്നത്. കലാശാലാ പഠനകാലത്ത് മലയാള മനോരമ, ചന്ദ്രിക, കേരളതാരക, മലയാളി എന്നിവയില്‍ നിരന്തരം ലേഖനങ്ങളെഴുതി. കവിതാരചനയോടെയാണ് സാഹിത്യരംഗത്തു പ്രവേശിച്ചതെങ്കിലും കവി എന്ന നിലയിലല്ല പി.കെ. അറിയപ്പെടുന്നത്. കാവ്യങ്ങളില്‍ ശ്രീമൂലമുക്താവലി എന്ന ഖണ്ഡകാവ്യവും ആറു കവിതകളുടെ സമാഹാരമായ കാവ്യമേഖലയും നിയോക്ലാസ്സിക് കൃതികളാണ്. ആക്ഷേപഹാസ്യപ്രധാനമാണ് ഈ മേഖലയിലെ ഭേകഗാഥ, സ്വര്‍ഗ്യസമാഗമം എന്നീ കവിതകള്‍. ആശയമോ ഭാവനയോ കൂടാതെ ഭാഷാവൃത്തങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കവികളെ കളിയാക്കുന്നതിനുവേണ്ടി രചിച്ച കവിതയാണ് ഭേകഗാഥ. കാക സന്ദേശം എന്ന കൃതി മയൂരസന്ദേശത്തെ പരിഹസിക്കാനെഴുതിയതാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

കുഞ്ചന്‍നമ്പ്യാര്‍, കൃഷ്ണഗാഥാ നിരൂപണം, തുഞ്ചത്തെഴുത്തച്ഛന്‍ എന്നീ കൃതികളാണ് പി.കെ.ക്ക് പ്രമുഖ നിരൂപകനെന്ന പദവി നേടിക്കൊടുത്തത്. മലയാളത്തിലെ ആദ്യത്തെ പ്രധാന നിരൂപണ കൃതിയാണ് കുഞ്ചന്‍ നമ്പ്യാര്‍. മലയാള സാഹിത്യനിരൂപണത്തിന് ശക്തിയും മൌലികതയും പ്രദാനം ചെയ്തവയാണ് ഈ കൃതികള്‍. ഇവയില്‍ നമ്പ്യാര്‍, ചെറുശ്ശേരി, എഴുത്തച്ഛന്‍ എന്നിവരുടെ കാലം, കൃതികള്‍, സാഹിത്യമൂല്യം, ഭാഷാശൈലി തുടങ്ങിയവ സംബന്ധിച്ച് നിഷ്പക്ഷമായും ഗവേഷണപരമായും പഠനം നടത്തിയിട്ടുണ്ട്.

ശ്രീമൂലമുക്താവലി, കിമപികാവ്യം, കാവ്യമേഖല (കവിത), തുഞ്ചത്തെഴുത്തച്ഛന്‍ (നിരൂപണം), പ്രസംഗതരംഗിണി, പ്രബന്ധകല്പലത, വിജ്ഞാനരഞ്ജിനി, ചില കവിതാ പ്രതിധ്വനികള്‍ (പ്രബന്ധ സമാഹാരം), സ്മരണമണ്ഡലം (ആത്മകഥ), വ്യാകരണ പ്രവേശിക, പ്രയോഗദീപിക (വ്യാകരണം) എന്നിവയാണ് പ്രധാന കൃതികള്‍. ഇവയ്ക്കു പുറമേ സഭാപ്രവേശം, ഇരുപത്തിനാലുവൃത്തം, സംഭവപര്‍വം, കര്‍ണപര്‍വം തുടങ്ങിയവയുടെ വ്യാഖ്യാനവും ഭാഗവതത്തിന്റെ പ്രസാധനവും നിര്‍വഹിച്ചിട്ടുണ്ട്.

മലയാളത്തില്‍ ആധുനിക സാഹിത്യ നിരൂപണപ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനായിരുന്നു പി.കെ. വിമര്‍ശനത്തെ ഭാഷാഗവേഷണവുമായി ബന്ധിപ്പിച്ചു എന്നു മാത്രമല്ല പാശ്ചാത്യവും പൗരസ്ത്യവുമായ സമീപനം സമാന്തരമായി വിമര്‍ശനത്തില്‍ സ്വീകരിക്കുകയും ചെയ്തു. സാഹിത്യത്തിന്റെ മൂല്യനിര്‍ണയത്തില്‍ സൌന്ദര്യത്തിനും പാരമ്പര്യസിദ്ധമായ സംസ്കാരത്തിനും ഊന്നല്‍ നല്കിയിരിക്കുന്നതു പ്രത്യേകതയാണ്. അക്കാദമീയ വിമര്‍ശനത്തിനു മുന്‍തൂക്കം നല്കിയതും ഇദ്ദേഹമാണ്.

പ്രസംഗതരംഗിണി (മൂന്നു ഭാഗം), പ്രബന്ധകല്പലത, വിജ്ഞാനരഞ്ജിനി, ചില കവിതാ പ്രതിധ്വനികള്‍ എന്നിവയാണ് പ്രബന്ധസമാഹാരങ്ങള്‍. സാഹിത്യകലയുടെ മൂലതത്ത്വങ്ങള്‍, ഭാഷാസാഹിത്യത്തിന്റെ ഉത്കര്‍ഷണം, കാളിദാസന്‍, സന്ദേശകാവ്യങ്ങള്‍, മൂന്നു ഭാഷാകവികള്‍, ഉണ്ണായിവാരിയര്‍ തുടങ്ങിയ പ്രൌഢങ്ങളായ പ്രബന്ധങ്ങളാണ് പ്രസംഗതരംഗിണിയില്‍ ഉള്ളത്. സാഹിത്യസംബന്ധമായ ലേഖനങ്ങളുടെ സമാഹാരമാണ് പ്രബന്ധ കല്പലത. പൊതുവിജ്ഞാനപരമായ ലേഖനങ്ങളുടെ സമാഹാരമാണ് വിജ്ഞാനരഞ്ജിനി. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തില്‍ എണ്ണപ്പെടേണ്ട കൃതികളില്‍ ഒന്നാണ് സ്മരണമണ്ഡലം. എന്നാല്‍ ഇതില്‍ ജിവിതത്തിന്റെ ആദ്യപകുതി മാത്രമേ പ്രതിപാദിച്ചിട്ടുള്ളു. വ്യാകരണശാസ്ത്ര സംബന്ധമായ കൃതികളാണ് വ്യാകരണ പ്രവേശികയും പ്രയോഗദീപികയും. വിദ്യാര്‍ഥികളെ ഉദ്ദേശിച്ചു തയ്യാറാക്കിയ മലയാള വ്യാകരണഗ്രന്ഥമാണ് വ്യാകരണപ്രവേശിക. പദങ്ങളുടെ പ്രമാദരഹിതമായ പ്രയോഗത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന കൃതിയാണ് പ്രയോഗദീപിക. ഭാഷാപ്രയോഗത്തെ സംബന്ധിച്ച പ്രമാണഗ്രന്ഥമാണിത്.

മേല്പറഞ്ഞവയ്ക്കു പുറമേ ക്ഷേത്രപ്രവേശനവാദം, കേനോപനിഷത്ത് ബ്രഹ്മവിദ്യ അഥവാ ഉപനിഷത്തുകള്‍ എന്നീ കൃതികളും രചിച്ചിട്ടുണ്ട്. ക്ഷേത്രപ്രവേശനവാദത്തില്‍ അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം നിഷിദ്ധമല്ലെന്ന് വേദോപനിഷത്തുക്കളെ അടിസ്ഥാനമാക്കി സമര്‍ഥിച്ചിരിക്കുന്നു. പി.കെ.യും രാമന്‍പിള്ള എന്ന പണ്ഡിതനും ചേര്‍ന്നു രചിച്ച കൃതിയാണ് ബ്രഹ്മവിദ്യ അഥവാ ഉപനിഷത്തുകള്‍ എന്ന കൃതി. ഏ.ആര്‍. രാജരാജവര്‍മയുടെ കേരളപാണിനീയത്തിന് ഇംഗ്ലീഷില്‍ രചിച്ച പ്രൗഢമായ അവതാരികയും ശ്രദ്ധേയമാണ്. പി.കെ. ഇംഗ്ലീഷില്‍ എഴുതിയ കൃതിയുടെ വിവര്‍ത്തനമാണ് സര്‍ക്കാരും സര്‍ക്കാര്‍ ദേവസ്വവും എന്ന കൃതി. ധര്‍മരാജാ നിരൂപണം നിരൂപണരംഗത്തെ ശ്രദ്ധേയമായ രചനയാണ്.

ചട്ടമ്പിസ്വാമികളുടെ ശിഷ്യനായ ശ്രീനീലകണ്ഠതീര്‍ഥ പാദസ്വാമികള്‍ ഇദ്ദേഹത്തിന് സാഹിത്യപഞ്ചാനനന്‍ എന്ന ബഹുമതി നല്കുകയുണ്ടായി. ഈ പേരിലാണ് പി.കെ. പില്ക്കാലത്ത് കൂടുതല്‍ അറിയപ്പെട്ടത്. കവി, ഗദ്യകാരന്‍, വാഗ്മി, വൈയാകരണന്‍, നിരൂപകന്‍ എന്നീ പഞ്ചമുഖങ്ങളോടുകൂടിയവന്‍ എന്ന അര്‍ഥമാണിതിനുള്ളത്. കവിയും നാടകകൃത്തുമായ ടി.എന്‍. ഗോപിനാഥന്‍ നായര്‍ മകനാണ്. 1938 ഫെ. 10 (1113 മകരം 30)ന് പി.കെ. അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍